ലഖ്‌നൗ : ബ്രഹ്മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് പോലെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ ഫാക്ടറികൾ ആരംഭിക്കുന്നതിനായി എത്ര ഭൂമി വേണമെങ്കിലും ഉത്തർപ്രദേശിൽ നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിലെ ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റിൽ നിർമ്മിച്ച ബ്രഹ്മോസ് മിസൈലുകളുടെ ആദ്യ ബാച്ച് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ പ്രതിരോധ സ്വാശ്രയത്വത്തിന്റെ പ്രതീകമാണ് ഈ മിസൈലുകൾ എന്നും അദ്ദേഹം സൂചിപ്പിച്ചു.
“ബ്രഹ്മോസ് പോലുള്ള മിസൈലുകൾ വഴി ഇന്ത്യയ്ക്ക് ഇപ്പോൾ സ്വന്തം സുരക്ഷാ ആവശ്യങ്ങൾ മാത്രമല്ല, ലോകമെമ്പാടുമുള്ള സൗഹൃദ രാജ്യങ്ങളുടെ സുരക്ഷാ ആവശ്യങ്ങളും നിറവേറ്റാൻ കഴിയും. പ്രതിരോധ ഭൂമി ആവശ്യമുള്ളിടത്തെല്ലാം ഉത്തർപ്രദേശ് അത് ഉദാരമായി നൽകും. അതാണ് ഭൂമി മാതാവും ആഗ്രഹിക്കുന്നത്. ഉത്തർപ്രദേശിൽ നിങ്ങൾക്ക് ആവശ്യമുള്ളത്ര ഭൂമി കണ്ടെത്തുമെന്ന് ഞാൻ ഡിആർഡിഒയോട് പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ ആവശ്യങ്ങൾക്കായി സൗജന്യമായി ഭൂമി നൽകാൻ ഞങ്ങളുടെ മന്ത്രിസഭ തീരുമാനിച്ചു” എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
“ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ഇന്ന് ഒരു പ്രധാന ദിവസമാണ്. പ്രതിരോധ മേഖലയിൽ ലഖ്‌നൗ ഇപ്പോൾ നിർണായക പങ്ക് വഹിക്കുന്നു. ഉത്തർപ്രദേശിന്റെ ഭൂമി സ്വർണമായി മാറുന്നു. ഉത്തർപ്രദേശിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നു. അഞ്ച് മാസം മുമ്പാണ് ഞാൻ ബ്രഹ്മോസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തത്. ഇന്ന് അതിന്റെ ആദ്യ മിസൈൽ ബാച്ച് അയച്ചു. ഇത് ഒരു സാധാരണ കാര്യമല്ല. ലോകം ഇന്ത്യയുടെ ശക്തിയെ അംഗീകരിച്ചു. നമ്മൾ ഇപ്പോൾ സ്വാശ്രയത്വത്തിലൂടെ വളരെ ശക്തരായി മാറിയിരിക്കുന്നുവെന്ന് രാജ്യത്തിന് ആത്മവിശ്വാസമുണ്ട്” എന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Discussion about this post