ന്യൂഡൽഹി : തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ വൻ ഇടിവ്. മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യൻ സഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനം കുറവ് രേഖപ്പെടുത്തിയതായി അസർബൈജാൻ റിപ്പോർട്ട് ചെയ്തു. ഇതേ രീതിയിൽ തുർക്കിയിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ എണ്ണവും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ ഈ തീരുമാനം.
പാകിസ്താന് അനുകൂലമായ തുർക്കിയുടെയും അസർബൈജാന്റെയും നിലപാടുകളാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ ഈ രാജ്യങ്ങളെ ഉപേക്ഷിക്കാൻ കാരണമായിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താന് ആയുധങ്ങൾ നൽകിയവരിൽ പ്രധാനിയാണ് തുർക്കി.
നേരിട്ടുള്ള വിമാന കണക്ഷനുകളും തുർക്കിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്കുള്ള ഒരു കവാടമായി ഇസ്താംബുൾ പ്രവർത്തിക്കുന്നതും ഇരു രാജ്യങ്ങളും സമീപ വർഷങ്ങളിൽ ഇന്ത്യൻ യാത്രക്കാർക്കിടയിൽ ജനപ്രീതി നേടിയെടുക്കാൻ കാരണമായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അസർബൈജാൻ, തുർക്കി എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകൾ 60% കുറഞ്ഞതായും അതേസമയം റദ്ദാക്കലുകൾ 250% വർദ്ധിച്ചതായും മേക്ക് മൈ ട്രിപ്പ് വ്യക്തമാക്കുന്നു. ഈ രാജ്യങ്ങൾക്ക് പകരമായി ഇപ്പോൾ ഇന്ത്യൻ വിനോദ സഞ്ചാരികൾ ജോർജിയ, സെർബിയ, ഗ്രീസ്, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത് എന്നാണ് ടൂർ കമ്പനികൾ സൂചിപ്പിക്കുന്നത്.
Discussion about this post