ന്യൂയോർക്ക് : റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പ്രസ്താവനയിൽ മാറ്റം വരുത്തി ഇന്ന് പുതിയ നിലപാടുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയില്ലെങ്കിൽ തീരുവകൾ ഇനിയും തുടരും എന്നാണ് ട്രംപിന്റെ ഇന്നത്തെ ഭീഷണി. ഇന്ത്യ റഷ്യൻ എണ്ണ ഇപ്പോൾ വാങ്ങുന്നില്ല എന്നായിരുന്നു കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് പറഞ്ഞിരുന്നത്.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഉടൻ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മുൻപ് ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ട്രംപ് വ്യത്യസ്ത നിലപാടുകൾ ആവർത്തിക്കുന്നത്. നേരത്തെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ല എന്ന് മോദി പറഞ്ഞതായുള്ള ട്രംപിന്റെ പ്രസ്താവന ഇന്ത്യ നിഷേധിച്ചിരുന്നു.
ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ മുൻഗണനയെന്ന് നേരത്തെ ട്രംപിന് മറുപടിയായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്ഥിരമായ ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവും ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ഊർജ്ജ നയത്തിന്റെ ലക്ഷ്യങ്ങൾ എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Discussion about this post