ചെന്നൈ : ദീപാവലി ദിനത്തിൽ കനത്ത മഴയിലും വെള്ളക്കെട്ടിലും ദുരിതത്തിലായി ചെന്നൈ. രാവിലെ ചെന്നൈയിൽ പെയ്ത കനത്ത മഴയിൽ നഗരം മുഴുവൻ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ഉണ്ടായതോടെ ജനജീവിതം ബുദ്ധിമുട്ടിലായി. രണ്ട് ദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
ചെന്നൈ വിമാനത്താവളത്തിലും വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഈസ്റ്റ് കോസ്റ്റ് റോഡിലെ (ഇസിആർ) വേലച്ചേരി, മേടവാക്കം, പള്ളിക്കരണൈ, നീലാങ്കരൈ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ടാവുകയും ഗതാഗത തടസ്സം രൂപപ്പെടുകയും ജനജീവിതത്തെ ബാധിക്കുകയും ചെയ്തു.
പല തെരുവുകളിലും മുട്ടോളം വരെ വെള്ളം ഉയർന്നത് ജനങ്ങൾക്ക് നടക്കുന്നതിന് പോലും തടസ്സം സൃഷ്ടിച്ചു. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഒരു ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച് ആഴത്തിലുള്ള ന്യൂനമർദ്ദമായി മാറാൻ സാധ്യതയുള്ളതിനാൽ ഒക്ടോബർ 22 വരെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post