ന്യൂഡൽഹി : ഇന്ത്യ ഒരു രാജ്യവുമായും തിടുക്കത്തിൽ ഒരു കരാറിലും ഒപ്പുവെക്കില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ജർമ്മനിയിൽ നടന്ന ബെർലിൻ ഡയലോഗിൽ വ്യക്തമാക്കി. തോക്കിൻ മുനയിൽ നിർത്തി കരാർ ഒപ്പിടുവിക്കാൻ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ. വളരെ അളന്നു മുറിച്ച സമീപനങ്ങളാണ് ഇന്ത്യ ഓരോ കരാറുകളിലും സ്വീകരിക്കുന്നത്. യുഎസുമായുള്ള വ്യാപാര കരാറിന് ഇന്ത്യക്ക് യാതൊരു തിടുക്കവും ഇല്ല എന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.
യൂറോപ്യൻ യൂണിയൻ (ഇയു), യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളുമായും മറ്റ് പ്രദേശങ്ങളുമായും ഇന്ത്യ വ്യാപാര കരാറുകൾക്കായി സജീവമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി അറിയിച്ചു. വ്യാപാര കരാറുകൾ വെറും താരിഫുകളെയോ വിപണി പ്രവേശനത്തെയോ കുറിച്ചല്ല, മറിച്ച് വിശ്വാസം, ദീർഘകാല ബന്ധങ്ങൾ, ആഗോള വ്യാപാര സഹകരണത്തിനുള്ള സുസ്ഥിരമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കൽ എന്നിവയെക്കുറിച്ചാണ്. വ്യാപാര കരാറുകളിൽ ന്യൂഡൽഹി സന്തുലിതമായ സമീപനം സ്വീകരിക്കുമെന്നും ഗോയൽ പറഞ്ഞു.
വ്യാപാര കരാറുകളെ ദീർഘകാല വീക്ഷണകോണിൽ നിന്ന് കാണാനാണ് ഇന്ത്യ താൽപര്യപ്പെടുന്നത് എന്നും ബെർലിനിൽ നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ താൽപ്പര്യം അടിസ്ഥാനമാക്കിയല്ലാതെ മറ്റെന്തെങ്കിലും അടിസ്ഥാനമാക്കി ഇന്ത്യ തങ്ങളുടെ സുഹൃത്തുക്കളെ ആരാണെന്ന് തീരുമാനിച്ചിട്ടില്ല. യുഎസിന്റെ അമിതമായ തീരുവകളെ നേരിടാൻ ഇന്ത്യ ഇപ്പോൾ പുതിയ വിപണികൾ തേടുകയാണ് ചെയ്യുന്നത് എന്നും പീയൂഷ് ഗോയൽ വ്യക്തമാക്കി.









Discussion about this post