ചെന്നൈ : ബീഹാറിന് പിന്നാലെ തമിഴ്‌നാട്ടിലും വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണം നടത്താൻ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട്ടിലെ വോട്ടർ പട്ടിക പരിഷ്കരണം ഉടൻ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തമിഴ്നാട്ടിൽ അടുത്ത ആഴ്ച മുതൽ എസ്‌ഐആർ പ്രക്രിയ ആരംഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
എഐഎഡിഎംകെയുടെ മുൻ എംഎൽഎ ബി. സത്യനാരായണൻ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ചെന്നൈയിലെ ടി. നഗർ മണ്ഡലത്തിലെ ഏകദേശം 13,000 എഐഎഡിഎംകെ അനുയായികളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതായാണ് മുൻ എംഎൽഎ ആരോപിക്കുന്നത്. 1998 ൽ മണ്ഡലത്തിലെ വോട്ടർമാരുടെ എണ്ണം 208,349 ആയിരുന്നു, എന്നാൽ 2021 ആയപ്പോഴേക്കും അത് 36,656 ആയി മാത്രമേ വർദ്ധിച്ചുള്ളൂ എന്നാണ് ഹർജിക്കാരന്റെ പരാതി. ഡിഎംകെക്ക് ഗുണം ചെയ്യുന്ന രീതിയിലാണ് വോട്ടർ പട്ടിക ഉള്ളത് എന്നാണ് ഹർജിക്കാരന്റെ പരാതി.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിക്കുന്നത്. നിർദ്ദിഷ്ട എസ്‌ഐആർ സമയത്ത് ഹർജിക്കാരന്റെ പരാതി പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിക്ക് ഉറപ്പ് നൽകി . ഹർജിക്കാരന്റെ അഭ്യർത്ഥന അംഗീകരിച്ച കോടതി, വാദം കേൾക്കൽ അടുത്ത ആഴ്ച വരെ മാറ്റിവച്ചു, ബിഹാർ എസ്‌ഐആറുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പ് സമർപ്പിക്കാനും മദ്രാസ് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.









Discussion about this post