ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പൽ വിമാനവാഹിനിക്കപ്പൽ കരീബിയൻ കടലിൽ വിന്യസിച്ച ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനവുമായി വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോ. ട്രംപ് അനാവശ്യമായി യുദ്ധങ്ങൾ കെട്ടിച്ചമക്കുകയാണെന്ന് നിക്കോളാസ് മഡുറോ സൂചിപ്പിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് ആണ് യുഎസ് ഭരണകൂടം കരീബിയൻ കടലിൽ വിന്യസിച്ചിരിക്കുന്നത്.
മയക്കുമരുന്ന് കടത്തുകാർക്കെതിരായ യുദ്ധത്തിന്റെ ഭാഗമാണ് കരീബിയൻ കടലിലെ നീക്കം എന്നാണ് യു എസ് വ്യക്തമാക്കുന്നത്. വെനിസ്വേല പ്രസിഡന്റ് മഡുറോ ഒരു മയക്കുമരുന്ന് കടത്ത് സംഘടനയുടെ നേതാവാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. അടുത്തിടെ ഈ മേഖലയിൽ മയക്കുമരുന്ന് കടത്ത് സംശയിക്കുന്ന കപ്പലുകളിൽ ഇതുവരെ പത്ത് വ്യോമക്രമണങ്ങളാണ് യുഎസ് നടത്തിയത്.
ട്രംപിന്റെ ദീർഘകാല എതിരാളിയായ മഡുറോയെ അധികാരത്തിൽ നിന്ന് പുറത്താക്കുക എന്നതാണ് യുഎസ് സൈനിക സജ്ജീകരണത്തിന്റെ ലക്ഷ്യമെന്നാണ് വെനിസ്വേലയുടെ ആശങ്ക. കടൽ ശരിയായ നിയന്ത്രണത്തിൽ ആക്കിയ ശേഷം കരയിലേക്ക് നോക്കും എന്ന് യുഎസ് പ്രസിഡന്റ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതും വെനിസ്വേലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.









Discussion about this post