ന്യൂയോർക്ക് : ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിയ്ക്കെതിരെ പരിഹാസവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണത്തെ തുടർന്നുള്ള ദിവസങ്ങളിൽ മുസ്ലിം മത വിശ്വാസിയായ തന്റെ ആന്റിക്ക് ബുർഖ ധരിച്ച് പുറത്തിറങ്ങാൻ ഭയമായിരുന്നു എന്ന സൊഹ്‌റാൻ മംദാനിയുടെ പരാമർശത്തെയാണ് ജെ ഡി വാൻസ് പരിഹസിച്ചത്. 9/11 ഭീകരാക്രമണത്തിന്റെ യഥാർത്ഥ ഇര സൊഹ്‌റാൻ മംദാനിയുടെ ആന്റി ആയിരുന്നുവെന്ന് ജെ ഡി വാൻസ് തന്റെ സമൂഹമാധ്യമ പോസ്റ്റിൽ സൂചിപ്പിച്ചു.
ഒരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനിയുടെ വൈകാരിക പ്രസംഗം. 9/11 ഭീകരാക്രമണത്തിന് പിന്നാലെ അമേരിക്കയിൽ മുസ്ലീങ്ങൾക്കെതിരെ ശക്തമായ വികാരം ഉയർന്നു വന്നതിനാൽ മുസ്ലിം വിശ്വാസിയായ തന്റെ ആന്റിക്ക് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. ബുർഖ ധരിച്ചു പുറത്തിറങ്ങിയാൽ താൻ ആക്രമിക്കപ്പെട്ടേക്കുമോ എന്ന് അവർ ഭയന്നിരുന്നു എന്നാണ് കണ്ണീരോടെ സൊഹ്‌റാൻ മംദാനി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നത്.
താനൊരു മുസ്ലിം മത വിശ്വാസിയാണെന്നും ആരെതിർത്താലും തന്റെ മുസ്ലീം സ്വത്വം കൂടുതൽ പരസ്യമായി സ്വീകരിക്കുമെന്നും കഴിഞ്ഞദിവസം സൊഹ്‌റാൻ മംദാനി വ്യക്തമാക്കിയിരുന്നു. ബ്രോങ്ക്സിലെ ഇസ്ലാമിക് കൾച്ചറൽ സെന്ററിന് പുറത്ത് സംസാരിക്കവെ, സ്വന്തം ബന്ധുക്കൾ ഉൾപ്പെടെയുള്ള ന്യൂയോർക്കിലെ മുസ്ലീങ്ങൾ ഭയത്തോടും അപമാനത്തോടും കൂടിയാണ് ജീവിക്കുന്നത് എന്നും മംദാനി അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശങ്ങൾക്കെതിരെയാണ് യുഎസ് വൈസ് പ്രസിഡണ്ട് ജെ ഡി വാൻസ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുന്നത്.









Discussion about this post