ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വായുമലിനീകരണത്തിന് കാരണം ബിജെപിയും കേന്ദ്രസർക്കാരും ആണെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് ജയറാം രമേശ്. 2023-ൽ ഇന്ത്യയിൽ ഏകദേശം 20 ലക്ഷം മരണങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായി. ജനങ്ങളുടെ ശരീരത്തിനും മനസ്സിനും നേരെ കേന്ദ്രസർക്കാർ നടത്തുന്ന ആക്രമണമാണ് ഇതെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു.
“ഡൽഹിയിൽ ഉൾപ്പെടെയുള്ള വായു മലിനീകരണ പ്രതിസന്ധി ഇപ്പോൾ ഒരു ശ്വസന പ്രശ്‌നമല്ല, മറിച്ച് നമ്മുടെ മനസ്സിനും ശരീരത്തിനും നേരെയുള്ള സർക്കാരിന്റെ ഒരു പൂർണ്ണമായ ആക്രമണമായി മാറിയിരിക്കുന്നു. നാഷണൽ ക്ലീൻ എയർ പ്രോഗ്രാം (NCAP) പൂർണ്ണമായി പരിഷ്കരിക്കണം. നാഷണൽ ആംബിയന്റ് എയർ ക്വാളിറ്റി സ്റ്റാൻഡേർഡ്സ് (NAAQS) ഉടൻ അപ്‌ഡേറ്റ് ചെയ്യണം” എന്നും ജയറാം രമേശ് സൂചിപ്പിച്ചു.
ആഗോളതലത്തിൽ, 2023 ൽ ഡിമെൻഷ്യ മൂലമുള്ള 626,000 മരണങ്ങൾ വായു മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് അഭിപ്രായപ്പെട്ടു. ശ്വാസകോശ അർബുദത്തിന്റെ 33 ശതമാനത്തിനും, ഹൃദ്രോഗത്തിന്റെ 25 ശതമാനത്തിനും, ഇന്ത്യയിലെ പ്രമേഹ മരണങ്ങളിൽ 20 ശതമാനത്തിനും വായു മലിനീകരണം കാരണമാകുമെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി. 2009 നവംബറിൽ കോൺഗ്രസ് സർക്കാർ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ NAAQS അടിയന്തിരമായി അപ്ഡേറ്റ് ചെയ്യുകയാണ് ഇതിനുള്ള പരിഹാരം എന്നും ജയറാം രമേശ് നിർദ്ദേശിച്ചു.









Discussion about this post