ന്യൂഡൽഹി : മലേഷ്യയിൽ വച്ച് നടക്കുന്ന 2025 ആസിയാൻ ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വൽ ആയി അഭിസംബോധന ചെയ്തു. ഇന്ത്യയും ആസിയാൻ മേഖലയും തമ്മിലുള്ള തന്ത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനെയാണ് മോദി സമ്മേളനത്തിൽ എടുത്തു പറഞ്ഞത്. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ നിർണായക സ്തംഭമാണ് ആസിയാൻ എന്നും മോദി വ്യക്തമാക്കി.
ആസിയാൻ കേന്ദ്രീകരണത്തിനും ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള അതിന്റെ കാഴ്ചപ്പാടിനും ഇന്ത്യയുടെ പിന്തുണ ഉറപ്പു നൽകുന്നതായി മോദിയെ അറിയിച്ചു. “മലേഷ്യൻ പ്രധാനമന്ത്രിയും എന്റെ സുഹൃത്തുമായ അൻവർ ഇബ്രാഹിം, ആസിയാൻ കുടുംബത്തിൽ ചേരാൻ എനിക്ക് അവസരം നൽകിയതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. ഈ വിജയകരമായ ഉച്ചകോടിയിൽ നിങ്ങളെ അഭിനന്ദിക്കുന്നു. ഈ വർഷത്തെ ആസിയാൻ ഉച്ചകോടിയുടെ പ്രമേയങ്ങൾ ഉൾക്കൊള്ളലും സുസ്ഥിരതയുമാണ്, ഈ പ്രമേയം നമ്മുടെ പങ്കിട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു. അത് ഡിജിറ്റൽ ഉൾപ്പെടുത്തലായാലും, ഭക്ഷ്യസുരക്ഷയായാലും, അല്ലെങ്കിൽ ഈ പ്രക്ഷുബ്ധമായ ആഗോള കാലഘട്ടത്തിൽ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളായാലും. ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” എന്നും വീഡിയോ കോൺഫറൻസിലൂടെ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് മോദി അറിയിച്ചു.
ഇന്ത്യയും ആസിയാനും ഒരുമിച്ച് ലോക ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്നുവെന്ന് മോദി സൂചിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയെക്കുറിച്ചുള്ള ആസിയാന്റെ കേന്ദ്രീകരണത്തെയും കാഴ്ചപ്പാടിനെയും ഇന്ത്യ എപ്പോഴും പിന്തുണച്ചിട്ടുണ്ട്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ, ഇന്ത്യ-ആസിയാൻ സമഗ്ര തന്ത്രപരമായ പങ്കാളിത്തം തുടർച്ചയായി ശക്തിപ്പെട്ടു. വിദ്യാഭ്യാസം, ടൂറിസം, ശാസ്ത്ര സാങ്കേതിക വിദ്യ, ആരോഗ്യം, ഹരിത ഊർജ്ജം, സൈബർ സുരക്ഷ എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 2026 ‘ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി’ പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി മോദി അറിയിച്ചു.









Discussion about this post