തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി കൃഷി മന്ത്രി പി പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുകയാണ്. വിദ്യാഭ്യാസ മേഖലയിലെ സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് പിഎം ശ്രീ പദ്ധതി. രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും. നരേന്ദ്രമോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ് എന്നും സിപിഐ മന്ത്രിയായ പി പ്രസാദ് അഭിപ്രായപ്പെട്ടു.
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്‍റെ ഭാഗമായി മേനാശേരിയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ആയിരുന്നു പി പ്രസാദിന്റെ വിമർശനം. പിഎം ശ്രീയിൽ ഒപ്പുവച്ചാൽ ഒപ്പുവയ്ക്കുന്ന സംസ്ഥാനങ്ങൾ പി എം ശ്രീയുടെ ഷോ കേസുകളായി പ്രവർത്തിക്കണം എന്നാണ് നിർദേശം. ഷോകേസുകളായി പ്രവർത്തിക്കുക എന്നാൽ സംഘപരിവാർ അജണ്ട നടപ്പിലാക്കണം എന്നതാണ്. ഒപ്പുവച്ചാൽ ഈ നയങ്ങളും പരിപാടികളും അനുസരിച്ചേ മതിയാവൂ. അത് നാടിനെ ദുരിതത്തിലാക്കും. വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം വരും എന്നും കൃഷിമന്ത്രി വിമർശനമുന്നയിച്ചു.
വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണ്. സംഘപരിവാർ അജണ്ടകളോട് പൊരുത്തപ്പെടാനാകില്ല. ഗാന്ധിയെ വധിച്ചവർക്കുപോലും പ്രാമുഖ്യം കിട്ടുന്നു. തലമുറകളെ ഗ്രസിക്കുന്ന ഈ അപകടത്തെ കാണാതിരിക്കാനാവില്ല എന്നും കൃഷിമന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.









Discussion about this post