ഇന്ത്യ – ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിനിടെ പരിക്കുപറ്റിയ ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ടീമിനൊപ്പം ശ്രേയസ് ഇല്ലായിരുന്നു. വാരിയെല്ലിന് പരിക്കേറ്റതിനെ തുടർന്ന് സിഡ്‌നിയിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് പരിശോധനയിൽ കണ്ടെത്തിയതായി വാർത്താ ഏജൻസിയായ പിടിഎ റിപ്പോർട്ട് ചെയ്തു. താരം ഇപ്പോൾ ഐസിയുവിലാണ് .
ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 34-ാം ഓവറിൽ ഹർഷിത് റാണയുടെ പന്തിൽ അലക്സ് കാരി അടിച്ച ഷോട്ട് പിഴക്കുന്നു. പന്ത് നേരെ വായുവിലേക്ക്, ബാക്ക്‌വേർഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന ശ്രേയസ് അയ്യർ പുറകോട്ട് ഓടി അത്ഭുതകരമായ രീതിയിൽ ക്യാച്ച് പിടിച്ചു. എന്നാൽ ക്യാച്ച് എടുത്ത് താഴേക്ക് വീണ താരം ഇടതുവശം ഇടിച്ചാണ് താഴോട്ട് വീണത്. വേദന കൊണ്ട് പുളഞ്ഞ താരത്തെ ഫിസിയോ ഉടൻ തന്നെ പരിചരിച്ചു. ശേഷം ഫീൽഡ് വിട്ട താരം പിന്നെ കളത്തിലേക്ക് വന്നില്ല..
”കഴിഞ്ഞ രണ്ട് ദിവസമായി ശ്രേയസ് ഐസിയുവിൽ ആയിരുന്നു. താരത്തിന് ആന്തരിക രക്തസ്രാവം ഉണ്ടായതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. രക്തസ്രാവം മൂലമുള്ള അണുബാധ പടരുന്നത് തടയേണ്ടതിനാൽ, അദ്ദേഹം രണ്ട് മുതൽ ഏഴ് ദിവസം വരെ നിരീക്ഷണത്തിൽ തുടരും. ടീം ഡോക്ടറും ഫിസിയോയും ശ്രേയസിനെ എത്രയും വേഗം ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് കാര്യങ്ങൾ എളുപ്പമാക്കി. പക്ഷേ അത് മാരകമാകുമായിരുന്നു. എന്നാൽ, ശ്രേയസ് ഉടൻ തന്നെ സുഖം പ്രാപിച്ച് കളത്തിലേക്ക് തിരിച്ചുവരും.” പിടിഐ റിപ്പോർട്ട് ചെയ്തു.
വരാനിരിക്കുന്ന സൗത്താഫ്രിക്കൻ പരമ്പരയിൽ താരം കളിക്കാൻ നിലവിൽ സാധ്യത ഇല്ല എന്ന് തന്നെ ഉറപ്പിക്കാം.













Discussion about this post