അമരാവതി : ആന്ധ്ര തീരത്ത് കര തൊടാനൊരുങ്ങി മോന്ത ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് 2025 ഒക്ടോബർ 28 ന് ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആന്ധ്രപ്രദേശിലെ 23 ജില്ലകളിലും തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള ചില മേഖലകളിലും മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
മോന്ത ചുഴലിക്കാറ്റ് ഒക്ടോബർ 28 വൈകുന്നേരം കാക്കിനടയ്ക്കടുത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരയിലേക്ക് കയറാൻ സാധ്യതയുള്ളതായാണ് കരുതപ്പെടുന്നത്. ചുഴലിക്കാറ്റിന്റെ ആഘാതം തീരദേശ മേഖലയിലേക്ക് നീങ്ങിയതിനാൽ റായലസീമ ജില്ലകളായ ചിറ്റൂർ, അന്നമയ, ശ്രീ സത്യസായി എന്നിവിടങ്ങളിൽ തിങ്കളാഴ്ച അതീവ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ഭരണകൂടം അറിയിക്കുന്നു.
ഒക്ടോബർ 27 ന് വൈകുന്നേരം 5 മണി വരെ വിശാഖപട്ടണം ജില്ലയിൽ ശരാശരി 52.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ഉദ്ധരിച്ച്, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലുമുള്ളവർ, ആവശ്യമെങ്കിൽ സുരക്ഷിത മേഖലകളിലേക്ക് മാറാൻ തയ്യാറാകണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോന്ത ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കർണാടകയിലും തമിഴ്നാട്ടിലും കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.









Discussion about this post