ന്യൂഡൽഹി : നിരവധി ആൻഡ്രോയ്ഡ് ആപ്പുകൾ ഉപയോക്താക്കളുടെ സ്വകാര്യത ചൂഷണം ചെയ്യുന്നതായി ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരുടെ കണ്ടെത്തൽ. വിവിധ ആൻഡ്രോയിഡ് ആപ്പുകൾക്ക് ജിപിഎസ് ഡാറ്റയെ മാത്രം അടിസ്ഥാനമാക്കി ഉപയോക്താക്കളെക്കുറിച്ചുള്ള വളരെ സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആപ്പുകൾക്ക് ലൊക്കേഷൻ അനുമതി നൽകുന്നതിലൂടെ ഉപയോക്താവിന്റെ മുഴുവൻ സ്വകാര്യതയും ലംഘിക്കപ്പെടുകയാണ് എന്ന് പഠനം നടത്തിയ ഗവേഷകർ വ്യക്തമാക്കുന്നു.
ഐഐടി ഡൽഹിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ സൈബർ സിസ്റ്റംസ് ആൻഡ് ഇൻഫർമേഷൻ അഷ്വറൻസിലെ എംടെക് വിദ്യാർത്ഥിയായ സോഹം നാഗും പ്രൊഫസർ സ്മൃതി ആർ. സാരംഗിയും ഈ ഗവേഷണത്തിനായി ആൻഡ്രോകോൺ എന്നൊരു സംവിധാനം വികസിപ്പിച്ചെടുത്തു. ഒമ്പത് താഴ്ന്ന നിലയിലുള്ള ജിപിഎസ് ഡാറ്റ പാരാമീറ്ററുകൾ ഉപയോഗിച്ച് ഒരു വ്യക്തി ഇരിക്കുകയാണോ, നിൽക്കുകയാണോ, കിടക്കുകയാണോ, വിമാനത്തിലാണോ അതോ പാർക്കിലാണോ എന്നിങ്ങനെയുള്ള നിരവധി വിവരങ്ങൾ ആപ്പുകൾക്ക് കണ്ടെത്താൻ കഴിയും എന്നാണ് ഇതിലൂടെ മനസ്സിലാക്കിയിട്ടുള്ളത്.
40,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നടത്തിയ പരീക്ഷണങ്ങളിലും വ്യത്യസ്ത ഫോണുകളിലും ആൻഡ്രോകോൺ ചുറ്റുപാടുകൾ തിരിച്ചറിയുന്നതിൽ 99% കൃത്യതയും മനുഷ്യ ചലനങ്ങൾ തിരിച്ചറിയുന്നതിൽ 87% കൃത്യതയും നേടിയതായി ഗവേഷണങ്ങൾ കണ്ടെത്തി. ഒരു സാധാരണ സ്മാർട്ട്‌ഫോണിന് പോലും ജിപിഎസ് ഡാറ്റയിലൂടെ അപ്രതീക്ഷിതമായി കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ കഴിയും. കൃത്യമായ ലൊക്കേഷൻ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെൻസിറ്റീവ് വിവരങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ഇത് വ്യക്തമാക്കുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾ വിശ്വസനീയമായ ആപ്പുകൾക്ക് മാത്രമേ ലൊക്കേഷൻ അനുമതികൾ നൽകാവൂ എന്നാണ് ഈ പഠനം കാണിക്കുന്നത് എന്ന് ഡൽഹി ഐഐടിയിലെ ഗവേഷകർ വ്യക്തമാക്കി.









Discussion about this post