പട്ന : ബീഹാർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് റെക്കോർഡ് പരാജയം ഉണ്ടാകുമെന്ന് മോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബീഹാറിൽ എത്തിയിട്ടുള്ള മോദി ആറയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ഈ കാര്യം വ്യക്തമാക്കിയത്. വൻ ജനപങ്കാളിത്തം ആയിരുന്നു മോദിയുടെ റാലിക്ക് ബീഹാറിൽ ഉണ്ടായത്. വികസിതമായ ഒരു ബിഹാർ വികസിത ഇന്ത്യയുടെ അടിത്തറയായി മാറുമെന്ന് മോദി പ്രഖ്യാപിച്ചു.
പുതിയ വികസനങ്ങളും തൊഴിലവസരങ്ങളും ഒരുക്കി ബീഹാറിലെ യുവാക്കൾക്ക് ബീഹാറിനുള്ളിൽ തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാനാണ് എൻഡിഎ സർക്കാർ ശ്രമിക്കുന്നതെന്നും മോദി അറിയിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ജംഗിൾ രാജ് ജനത ഏറ്റവും വലിയ പരാജയ റെക്കോർഡ് സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വരും വർഷങ്ങളിൽ ബീഹാറിൽ 10 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാക്കു നൽകുന്നുവെന്നും മോദി വ്യക്തമാക്കി.
നടപ്പിലാക്കാൻ കഴിയാത്ത ഒരു വാഗ്ദാനവും ഇല്ലാത്ത സത്യസന്ധമായ പ്രകടനപത്രികയാണ് ബീഹാറിൽ എൻഡിഎ പുറത്തിറക്കിയിരിക്കുന്നത് എന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ ചികിത്സ, യുവാക്കളുടെ വരുമാനം, കർഷകരുടെ ജലസേചനം എന്നിവയിലാണ് എൻഡിഎയുടെ പ്രകടന പത്രിക ഏറ്റവും വലിയ ഊന്നൽ നൽകുന്നത്. കൂടാതെ, സഹോദരിമാർക്കും പെൺമക്കൾക്കും വേണ്ടി നിരവധി ശക്തമായ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും മോദി അറിയിച്ചു.









Discussion about this post