പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുതിയ നീക്കവുമായി എസ്ഐടി. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്തു. നേരത്തെ വാസുവിന്റെ പിഎ സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
കേസിലെ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപങ്ങളുടെയും ശ്രീകോവിലിന്റെയും പണി പൂർത്തിയാക്കിയ ശേഷം ബാക്കിയായ സ്വർണം സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു എന്നുപറഞ്ഞ് 2019 ഡിസംബർ 9ന് വാസുവിന് ഇമെയിൽ അയച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ അനുമതിയല്ല ഉപദേശം തേടിയാണ് ഈ ഇമെയിൽ അയച്ചത് എന്നാണ് വാസു അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ അറസ്റ്റിലായ എൻ വാസുവിന്റെ പിഎ സുധീഷ് കുമാര്‍ ശബരിമലയില്‍ സ്വര്‍ണപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം നടക്കുമ്പോള്‍ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. ശബരിമല ശ്രീകോവിലിലെ കട്ടിളപാളി, ദ്വാരപാലക ശില്പങ്ങള്‍ എന്നിവയിലെ സ്വര്‍ണ്ണം അപഹരിച്ച രണ്ട് കേസുകളിലും പ്രതിയാണ് അടൂര്‍ സ്വദേശിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍. സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ വാസുവിനോ അദ്ദേഹത്തിന്റെ ഓഫീസിനോ അറിവുണ്ടായിരുന്നോ എന്നാണ് ഇപ്പോൾ അന്വേഷണസംഘം പരിശോധിക്കുന്നത്.









Discussion about this post