2026 ലെ ഫിഫ ലോകകപ്പ് വരാനിരിക്കുമ്പോൾ തന്റെ വിരമിക്കൽ വളരെ അകലെയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ഇത് ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണെന്നും എന്നാൽ അതിനായി താൻ തയ്യാറെടുക്കുമെന്നും പോർച്ചുഗീസ് താരം അവകാശപ്പെട്ടു.
40 കാരനായ താരം അടുത്ത വർഷം റെക്കോഡ് ആറാം തവണയാണ് ഫിഫ ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നത്. പോർച്ചുഗലിനൊപ്പം ഉള്ള തന്റെ കരിയറിൽ ആദ്യമായി ഈ അതുല്യ കിരീടം നേടുക എന്നതാണ് ലക്ഷ്യം. ഫുട്ബോളിന് ശേഷമുള്ള ജീവിതത്തിനായി വളരെക്കാൾ മുമ്പ് തന്നെ പദ്ധതിയിട്ടെന്നും അദ്ദേഹം പറഞ്ഞു
“ഉടൻ തന്നെ ആ തീരുമാനം പ്രതീക്ഷിക്കാം. ഞാൻ തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. ഞാൻ കരയും എന്ന് ഉറപ്പാണ്. അതെ. ഞാൻ എളുപ്പത്തിൽ കരയുന്ന ആളാണ്. ഞാൻ സത്യസന്ധനാണ്. ഞാൻ ഒരു തുറന്ന വ്യക്തിയാണ്. അതിനാൽ അങ്ങനെ ഒരു തീരുമാനം വളരെ ബുദ്ധിമുട്ടായിരിക്കും. 25-26-27 വയസ്സ് മുതൽ ഞാൻ എന്റെ ഭാവിയിലേക്ക് നോക്കുന്നുണ്ട്. ” അദ്ദേഹം പറഞ്ഞു .
“ഫുട്ബോളിൽ നമ്മൾ ഗോൾ നേടുമ്പോൾ നമുക്ക് ലഭിക്കുന്ന സന്തോഷവുമായി ഒന്നിനെയും താരതമ്യം ചെയ്യാൻ കഴിയില്ല. പക്ഷേ ഞാൻ പറഞ്ഞതുപോലെ, എല്ലാത്തിനും ഒരു തുടക്കവും അവസാനവുമുണ്ട്. എനിക്ക് മറ്റൊരു അഭിനിവേശമുണ്ട്. എനിക്കും എന്റെ കുടുംബത്തിനും കുട്ടികൾക്കും, പ്രത്യേകിച്ച് രണ്ട് വയസ്സുള്ള ബെല്ലയ്ക്കും വേണ്ടി എനിക്ക് കൂടുതൽ സമയം ലഭിക്കും. എനിക്ക് ഇപ്പോൾ കുടുംബത്തോടൊപ്പം അത്രയും സമയം ചിലവഴിക്കാൻ സാധിക്കാറില്ല. ക്രിസ്റ്റ്യാനോ ജൂനിയറിനെ എനിക്ക് കൂടുതൽ ശ്രദ്ധിക്കണം. മണ്ടത്തരങ്ങൾ ചെയ്യാൻ തുടങ്ങുന്ന പ്രായത്തിലാണ് അദ്ദേഹം. എനിക്ക് ഒരു മികച്ച കുടുംബനാഥനാകണം,” റൊണാൾഡോ കൂട്ടിച്ചേർത്തു.
ഇത് കൂടാതെ അടുത്ത വർഷം യുഎസ്എ, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിന് ശേഷം തന്റെ വിവാഹം നടക്കുമെന്ന് പോലും അദ്ദേഹം വെളിപ്പെടുത്തി. “ലോകകപ്പിന് ശേഷം ട്രോഫിയുമായി അത് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. വേദി ഞങ്ങൾ തീരുമാനിച്ചിട്ടില്ല. അവൾക്ക് പാർട്ടി ഇഷ്ടമല്ല. അവൾക്ക് സ്വകാര്യമായി ഇത് ചെയ്യാനാണ് ഇഷ്ടം. ഞാൻ അതിനെ ബഹുമാനിക്കുന്നു,” റൊണാൾഡോ പറഞ്ഞു.













Discussion about this post