ടെൽ അവീവ് : പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ഇസ്രായേലും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പ്രതിരോധ സഹകരണവും സാങ്കേതികവിദ്യാ പങ്കുവെക്കലും വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ധാരണാപത്രം ലക്ഷ്യം വെക്കുന്നത്. ടെൽ അവീവിൽ നടന്ന പ്രതിരോധ സഹകരണത്തെക്കുറിച്ചുള്ള ഇന്ത്യ-ഇസ്രായേൽ സംയുക്ത വർക്കിംഗ് ഗ്രൂപ്പിന്റെ (ജെഡബ്ല്യുജി) 17-ാമത് യോഗത്തിലാണ് എന്തേയും ഇസ്രായേലും തമ്മിലുള്ള കരാർ ഒപ്പിട്ടത്.
പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗും ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ (റെസ്) അമീർ ബറാമും സംയുക്തമായി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ എന്നിവയിലും സഹകരണം ശക്തമാക്കാൻ പുതിയ കരാറിൽ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള നൂതന പ്രതിരോധ സാങ്കേതികവിദ്യകളുടെ സഹ-വികസനം, സഹ-ഉൽപ്പാദനം, പങ്കിടൽ എന്നിവ സുഗമമാക്കുക എന്നീ കാര്യങ്ങളും പുതിയ ധാരണ പത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഭീകരത ഉൾപ്പെടെയുള്ള പൊതുവായ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു രാജ്യങ്ങളും പങ്കുവെക്കുകയും ആഗോള ഭീഷണികളെ ചെറുക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. തന്ത്രപരമായ സംഭാഷണങ്ങൾ, പരിശീലനം, പ്രതിരോധ വ്യാവസായിക സഹകരണം, ഗവേഷണ വികസനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സുരക്ഷ, സാങ്കേതിക കണ്ടുപിടുത്തങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം മേഖലകളിലെ സഹകരണം സാധ്യമാക്കുന്നതാണ് പുതിയ ധാരണാപത്രം.









Discussion about this post