കഷ്ടിച്ച് അഞ്ചടി ഉയരവും വെറും 23 വയസും പ്രായമുള്ള കൊച്ചുപെൺകുട്ടി,സ്വപ്‌നങ്ങളേറെ കണ്ട് ഉയരങ്ങളിലേക്ക് ചിറകടിച്ചുയരേണ്ട പ്രായം. എന്നാലവളുടെ ബാല്യവും കൗമാരവും വെടിയൊച്ചകളുടെയും സംഘർഷങ്ങളുടെയും നടുവിലായിരുന്നു.14ലക്ഷം തലയ്ക്ക് വിലയിട്ട് പോലീസ് തിരഞ്ഞുകൊണ്ടിരുന്ന അവളുടെ പേര് സുനിത ഒയാം.
എന്നാലിപ്പോൾ കാറൊഴിഞ്ഞ് വാനം തെളിഞ്ഞു. ഇന്നിതാ അവൾ, തന്നെക്കൊണ്ടാവുന്നവിധത്തിൽ ചുമന്നുകൊണ്ട് വരുന്നത് ശത്രുപക്ഷത്തെ ഓരോരുത്തരുടെയും തലയെടുക്കാൻ ശേഷിയുള്ള ഐഎൻഎസ്എഎസ് റൈഫിൾ. ബാലഘട്ടിലെ പോലീസ് കൺട്രോൾ റൂമാണ് ലക്ഷ്യം. മാദ്ധ്യമങ്ങളെ സാക്ഷിയാക്കി, സുനിത തന്റെ റൈഫിൾ പോലീസ് സൂപ്രണ്ട് ആദിത്യ മിശ്രയുടെ മുമ്പാകെ മേശപ്പുറത്ത് വച്ചു. 33 വർഷത്തിനിടെ മദ്ധ്യപ്രദേശിൽ നടക്കുന്ന ആദ്യത്തെ നക്‌സലൈറ്റ് കീഴടങ്ങലായിരുന്നു ഇത്. ഒന്നരവർഷം മുൻപ് പ്രഖ്യാപിച്ച,പുതിയ പുനരധിവാസ,ദുരിതാശ്വാസ നയത്തിന് കീഴിലുള്ള കീഴടങ്ങൽ.
ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലെ ഭൈരംഗർ തഹസിൽ സ്ഥിതി ചെയ്യുന്ന ഗോംവേത ഗ്രാമത്തിലാണ് സുനിത ഒയാം ജനിച്ചത്. അവളുടെ പിതാവ്
ബിസാരു ഒയാം നക്സലൈറ്റ് സംഘടനയിലെ അംഗമായിരുന്നു. സുനിത കുട്ടിക്കാലം മുതൽ നക്സലിസവുമായി സമ്പർക്കം പുലർത്തിയിരുന്നു. ഒരിക്കലും സ്കൂളിൻ്റെ പടിചവിട്ടാൻ പോലും സാധിച്ചിട്ടില്ല.. നക്സലിസത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മാഡിലെ വനങ്ങളിലാണ് സുനിത അവളുടെ കുട്ടിക്കാലം ചെലവഴിച്ചത്.
സുനിതയ്ക്ക് വെറും 20 വയസ്സുള്ളപ്പോഴാണ് നക്സലൈറ്റ് സംഘടനയിൽ ചേരുന്നത്.. കുടുംബത്തെ ഭീഷണിപ്പെടുത്തി നക്സലൈറ്റുകൾ അവളെ സംഘടനയിൽ ചേരാൻ നിർബന്ധിച്ചു. 2022 ൽ നക്സലൈറ്റ് സംഘടനയിൽ ചേർന്നതിനുശേഷം, ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും നക്സലൈറ്റ് പ്രത്യയശാസ്ത്രത്തിലും ആറ് മാസത്തെ പരിശീലനം നേടി. ഇതിനുശേഷം, അവർ സജീവ നക്സലൈറ്റായി. ആദ്യകാലങ്ങളിൽ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവയുടെ എംഎംസി മേഖലയുടെ ചുമതലയുള്ള രാംദറിന്റെ കാവൽക്കാരിയും കേന്ദ്ര കമ്മിറ്റി അംഗവുമായി.
“മൂന്ന് വർഷം മുമ്പ് നക്സലൈറ്റുകൾ തങ്ങളെ ഉപദ്രവിച്ചിരുന്നു. അതിന്റെ ഫലമായി അവർ സുനിതയെ തട്ടിക്കൊണ്ടുപോയി. കുറച്ചു കഴിഞ്ഞപ്പോൾ, സുനിതയുടെ ഇളയ സഹോദരിയെയും കൊണ്ടുപോകാൻ അവർ ആഗ്രഹിച്ചു. മൂത്ത മകളെ കാണാൻ അവർക്ക് അനുവാദമില്ലായിരുന്നു. ഈ കാരണം കൊണ്ട്, ഇളയ മകളെ സംഘടനയിൽ ചേരാൻ സമ്മതിച്ചില്ലെന്ന് പിതാവ് പറയുന്നു. ഒക്ടോബർ 31 ന് പുലർച്ചെ തന്റെ ആയുധങ്ങൾ, യൂണിഫോം, ബാഗ് എന്നിവ എടുത്ത് നിശബ്ദമായി സംഘത്തിൽ നിന്ന് വേർപിരിഞ്ഞു. പോലീസ് ക്യാമ്പിൽ എത്തുന്നതിനുമുമ്പ്, തന്റെ യൂണിറ്റിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ അവൾ തന്റെ INSAS റൈഫിൾ, മാഗസിനുകൾ, മാവോയിസ്റ്റ് കിറ്റ് എന്നിവ ഒരു വനപ്രദേശത്ത് ഒളിപ്പിച്ചു. തുടർന്ന് വനത്തിലൂടെ നിരവധി കിലോമീറ്ററുകൾ നടന്ന് ചൗരിയ ഹോക്ക് ഫോഴ്‌സ് ക്യാമ്പിലെത്തി, അവിടെ കീഴടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. ഒക്ടോബർ 1 ന് വൈകുന്നേരം, ലഞ്ചി പോലീസ് സ്റ്റേഷൻ പ്രദേശത്തെ ചൗരിയ ക്യാമ്പിലേക്ക് പോയി ഹോക്ക് ഫോഴ്‌സിന്റെ അസിസ്റ്റന്റ് കമാൻഡറായ രൂപേന്ദ്ര ധ്രുവിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
അതേസമയം പുനരധിവാസത്തിന്റെ ഭാഗമായി സുനിതയ്ക്ക് കുറഞ്ഞത് 20 ലക്ഷം രൂപയും, ഭവന നിർമ്മാണത്തിന് 1.5 ലക്ഷം രൂപയും, ആവശ്യമെങ്കിൽ വിവാഹ സഹായത്തിന് 50,000 രൂപയും, പഠിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റൊരു 1.5 ലക്ഷം രൂപയും ലഭിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു.









Discussion about this post