പട്ന : ബിഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ചരിത്രപരമായി മാറിയത് ഭീംബന്ദിൽ നടന്ന വോട്ടെടുപ്പാണ്. 20 വർഷങ്ങൾക്ക് ശേഷമാണ് ഭീംബന്ദിലെ ജനങ്ങൾ വോട്ട് ചെയ്യുന്നത്. ബിഹാറിലെ മുൻഗർ ജില്ലയിലെ ഭീംബന്ദ് തീവ്ര നക്സൽ ബാധിത പ്രദേശവും കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നും ആയിരുന്നു. രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വോട്ട് ചെയ്യാൻ ആയതിൽ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ചു കൊണ്ടാണ് വോട്ട് ചെയ്ത ജനക്കൂട്ടം മടങ്ങിയത്.
സുരക്ഷാ കാരണങ്ങളാൽ രണ്ട് പതിറ്റാണ്ടുകളായി ഈ പ്രദേശത്ത് പോളിംഗ് നടന്നിരുന്നില്ല . ഇത്രയും കാലം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയത് നക്സൽ സ്വാധീനം ഇല്ലാതാക്കുന്നതിലെ ഒരു നിർണായക നേട്ടമായാണ് കണക്കാക്കപ്പെടുന്നത്. മേഖലയിലെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കിയതിലൂടെ പ്രദേശത്തെ ജനാധിപത്യ പ്രക്രിയകൾ പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുങ്ങുകയായിരുന്നു.
തിരഞ്ഞെടുപ്പ് വിശേഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരോട് ഏറെ ആവേശത്തോടെയാണ് ഭീംബന്ദിലെ ജനങ്ങൾ പ്രതികരിച്ചത്. 20 വർഷങ്ങൾക്ക് ശേഷം വോട്ട് ചെയ്യാൻ കഴിഞ്ഞതിലും മാധ്യമപ്രവർത്തകരെ ഉൾപ്പെടെ കാണാൻ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിലൂടെ പ്രദേശത്ത് വികസനങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും വോട്ട് ചെയ്ത ഭീംബന്ദ് നിവാസികൾ വ്യക്തമാക്കി.









Discussion about this post