ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടുമൊരു വലിയ ഭീകരാക്രമണത്തിന് പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകൾ പദ്ധതി തയ്യാറാക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. പാകിസ്താന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസും (ഐഎസ്‌ഐ) അതിന്റെ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പും (എസ്‌എസ്‌ജി) നൽകുന്ന പിന്തുണയോടെ പാക് ഭീകര സംഘടനകൾ ഭീകരാക്രമണത്തിന് ശ്രമിക്കുന്നതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
സെപ്റ്റംബർ മുതൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള നുഴഞ്ഞുകയറ്റ പാതകളിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും വർദ്ധിപ്പിച്ചിട്ടുള്ളതായി ഇന്റലിജൻസ് സൂചിപ്പിക്കുന്നു. ലഷ്‌കർ-ഇ-തൊയ്ബയുടെ കുപ്രസിദ്ധ ഭീകരനായ ഷംഷേറിന്റെ നേതൃത്വത്തിലാണ് ഭീകരാക്രമണ പദ്ധതി നടക്കുന്നത് എന്നാണ് സൂചന. കൂടാതെ പാക് അധിനിവേശ കശ്മീരിൽ (പിഒകെ) പാകിസ്താൻ ബോർഡർ ആക്ഷൻ ടീമിന്റെ (ബിഎടി) പുതിയ ചില നീക്കങ്ങൾ നടക്കുന്നതായും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.
ചാവേർ ആക്രമണകാരികൾക്ക് കടന്നു കയറാൻ കഴിയുന്ന മേഖലകൾ കണ്ടെത്തുന്നതിനോ ആയുധ പേലോഡുകൾ ഉപയോഗിച്ച് വ്യോമാക്രമണം നടത്തുന്നതിനോ സാധ്യതയുള്ളതായി വിശ്വസിക്കപ്പെടുന്ന തന്ത്രപ്രധാനമായ കുന്നുകളിലും സുരക്ഷാ ഔട്ട്‌പോസ്റ്റുകളിലും പാക് ഡ്രോണുകൾ വ്യോമ നിരീക്ഷണം നടത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒക്ടോബറിൽ പാക് അധീന കശ്മീരിൽ ജമാഅത്തെ ഇസ്ലാമി, ഹിസ്ബുൾ മുജാഹിദീൻ, ഐഎസ്ഐ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ട നിരവധി രഹസ്യ യോഗങ്ങൾ നടന്നതായും ഇന്റലിജൻസ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.









Discussion about this post