ജമ്മു: വന്ദേമാതരം@150 ആഘോഷപരിപാടികളിൽ പങ്കാളികളാവാൻ ജമ്മുകശ്മീരും തയ്യാറെടുക്കുന്നു. ചരിത്രപരമായി ഏറെ പ്രധാന്യമുള്ള ദേശീയ ഗാനത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് രാജ്യമൊട്ടുക്കും വന്ദേമാതരത്തിന്റെ മേൻമ ആഘോഷിക്കാനായി കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. കശ്മീരിലെ ജനങ്ങളും ആവേശത്തോടെ വന്ദേമാതരം ആഘോഷപരിപാടികളിൽ പങ്കെടുക്കണമെന്ന് ബിജെപി വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ പ്രിയ സേഥി അഭ്യർത്ഥിച്ചു.
പതിറ്റാണ്ടുകളായി വന്ദേമാതരം അനാവശ്യമായ എതിർപ്പുകളും രാഷ്‌ട്രീയ അസഹിഷ്ണുതയും നേരിട്ടതിൽ പ്രിയാ സേഥി ഖേദം പ്രകടിപ്പിച്ചു. എന്നാൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇപ്പോൾ ഈ ഗാനം വീണ്ടും ഇന്ത്യയുടെ സാംസ്കാരിക സ്വത്വത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും ദേശീയഗാനമായി പ്രതിധ്വനിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ പ്രസിഡന്റ് നദ്ദയുടെ നേതൃത്വത്തിൽ നവംബർ 7 മുതൽ ഭരണഘടനാ ദിനമായ നവംബർ 26 വരെ ഇന്ത്യയിലുടനീളം കൂട്ടായ വന്ദേമാതരം ആലാപന പരിപാടികൾ നടക്കുമെന്ന് സേഥി പറഞ്ഞു. കാർഗിൽ യുദ്ധ സ്മാരകം, സെല്ലുലാർ ജയിൽ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ), സോമനാഥ്, സ്റ്റാച്യു ഓഫ് യൂണിറ്റി, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, നമോ ഘട്ട് എന്നിവയുൾപ്പെടെ 150 പ്രമുഖ സ്ഥലങ്ങളിൽ ദേശീയ ഗാനം ആലപിക്കും. വിദ്യാർത്ഥികളിൽ ദേശസ്നേഹം പുനരുജ്ജീവിപ്പിക്കുന്നതിനായി സ്വാതന്ത്ര്യ സമരത്തെ പ്രമേയമാക്കി സ്കൂളുകളും കോളേജുകളും ഉപന്യാസം, കവിത, ചിത്രരചനാ മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.
ബാല ഗംഗാധര തിലക്, ലാലാ ലജ്പത് റായ്, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ എണ്ണമറ്റ വിപ്ലവകാരികളെ രാജ്യത്തിനുവേണ്ടി എല്ലാം ത്യജിക്കാൻ പ്രചോദിപ്പിച്ച മന്ത്രമാണ് വന്ദേമാതരം. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ആത്മാവായിരുന്നു വന്ദേമാതര ഗാനമെന്നും പ്രിയാ സേഥി പറഞ്ഞു.
ബങ്കിം ചന്ദ്ര ചാറ്റർജിയുടെ വാക്കുകളും രബീന്ദ്രനാഥ ടാഗോറിന്റെ ആലാപനവും നമ്മുടെ മാതൃരാജ്യത്തെ ആത്യന്തികമായി സ്വതന്ത്രമാക്കിയ ദേശീയതയുടെ ജ്വാലയെ ജ്വലിപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ മഹാനായ വിപ്ലവകാരികൾക്കുള്ള ആദരാഞ്ജലിയാണ് ഈ കാമ്പെയ്ൻ എന്ന് പ്രിയ സേഥി ഊന്നിപ്പറഞ്ഞു.
അതേ സമയം ജമ്മു കശ്മീരിലെ വിവിധ ഇസ്ലാമിക സംഘടനകളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പ്രതിനിധികളുടെ കൂട്ടായ്‌മയായ മുതാഹിദ മജ്‌ലിസ്-ഇ-ഉലമ ഇതിനെതിര രംഗത്തെത്തിയിട്ടുണ്ട്. വന്ദേമാതര ആഘോഷം സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ മുതാഹിദ മജ്‌ലിസ്-ഇ-ഉലമ ആശങ്ക പ്രകടിപ്പിച്ചു. തീരുമാനം അനിസ്ലാമികമെന്നാണ് സംഘടന വിശേഷിപ്പിച്ചത്.









Discussion about this post