ന്യൂഡൽഹി : കഴിഞ്ഞ രണ്ടു ദിവസമായി ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയത് അനവധി വിമാന സർവീസുകളെ ബാധിച്ചു. 36 മണിക്കൂർ നീണ്ടു നിന്ന സാങ്കേതിക തകരാർ മൂലം 800ഓളം വിമാന സർവീസുകൾ ആണ് ബാധിക്കപ്പെട്ടത്. ഡൽഹി വിമാനത്താവളത്തിലെ എ.ടി.സി. സംവിധാനത്തിൽ വ്യാഴാഴ്ച വൈകുന്നേരമാണ് ഒരു തകരാർ ആരംഭിച്ചത്.
അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഡൽഹി വിമാനത്താവളം പൂർണമായും പ്രവർത്തനക്ഷമമാകും എന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് ഡൽഹി വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ (എടിസി) സിസ്റ്റത്തിൽ ഒരു സാങ്കേതിക തകരാർ സംഭവിച്ചത്. ഫ്ലൈറ്റ് പ്ലാനിംഗിന്റെ നിർണായക ഘടകമായ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലാണ് (എഎംഎസ്എസ്) പ്രശ്നം. നേരിട്ടത്. ഇതോടെ ഫ്ലൈറ്റ് സന്ദേശങ്ങളും ഡാറ്റയും കൺട്രോൾ ടവറിലേക്ക് സ്വയമേവ കൈമാറ്റം ചെയ്യപ്പെടാൻ കഴിയാതെ വരികയായിരുന്നു.
പല വിമാനങ്ങളിലെയും യാത്രക്കാർ ദീർഘനേരം വിമാനത്തിൽ കാത്തുനിൽക്കേണ്ടിവന്നു. ശരാശരി, പുറപ്പെടലുകൾ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ വൈകിയിരുന്നു. കൂടാതെ പാർക്കിംഗ് ബേകളിൽ ഒഴിവില്ലാത്തതും എയർഫീൽഡിലെ കനത്ത തിരക്കും കാരണം എത്തിച്ചേരുന്ന വിമാനങ്ങളെയും ഇത് ബാധിച്ചു. ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനത്തെ മാത്രം ബാധിക്കുന്നതും വിമാനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രശ്നവും ഉണ്ടാക്കാത്തതുമായ ഒരു സാങ്കേതിക തകരാർ മാത്രമാണെന്ന് ഡൽഹി വിമാനത്താവള അധികൃതർ വ്യക്തമാക്കിയിരുന്നു.









Discussion about this post