ബെംഗളൂരു : ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ഐസിസ് തീവ്രവാദി ഉൾപ്പെടെയുള്ള ചില കുറ്റവാളികൾക്ക് വിഐപി പരിഗണന ലഭിക്കുന്നതായി റിപ്പോർട്ട്. കൊടും കുറ്റവാളികൾക്ക് മൊബൈൽ ഫോണുകളും ടിവിയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കർണാടക സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ഐസിസ് റിക്രൂട്ടർ ഷക്കീൽ മന്നയും കൊലയാളി ഉമേഷ് റെഡ്ഡിയും മൊബൈൽ ഫോണുകളും ടെലിവിഷനുകളും ഉപയോഗിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.
ഐസിസ് റിക്രൂട്ടർ ജുഹാദ് ഹമീദ് ഷക്കീൽ മന്ന, സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി എന്നിവർ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ടിവി കാണുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സീരിയൽ കില്ലർ ആയ ഉമേഷ് റെഡ്ഡിയുടെ ജയിലിലെ സെല്ലിനുള്ളിലാണ് ടിവി ഉള്ളത്. പരപ്പന അഗ്രഹാര ജയിലിൽ നേരത്തെയും സുരക്ഷാ വീഴ്ചകളും കുറ്റവാളികൾക്ക് വിഐപി പരിഗണനകൾ നൽകുന്നതുമായും ബന്ധപ്പെട്ട നിരവധി പരാതികൾ ഉയർന്നിരുന്നു.
അടുത്തിടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും പുറത്തുവന്ന മറ്റൊരു വീഡിയോയിൽ ഗുബ്ബച്ചി സീന എന്ന കുപ്രസിദ്ധ കുറ്റവാളി ജയിലിനുള്ളിൽ തന്റെ ജന്മദിനം ആഘോഷിക്കുന്നത് ദൃശ്യമായിരുന്നു. കേക്ക് മുറിച്ച് സഹതടവുകാർക്കൊപ്പം ആഘോഷിച്ചു കൊണ്ടാണ് ഈ കൊടും കുറ്റവാളി തന്റെ ജന്മദിനം ജയിലിൽ ആഘോഷമാക്കിയത്. കഴിഞ്ഞ വർഷം, കന്നഡ നടൻ ദർശൻ തൂഗുദീപ ജയിലിൽ സിഗരറ്റ് വലിക്കുകയും കാപ്പി മഗ്ഗുമായി സംസാരിക്കുകയും ചെയ്യുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. കൂടാതെ, ജയിലിൽ നിന്ന് വീഡിയോ കോളിൽ ഒരാളുമായി ദർശൻ സംസാരിക്കുന്നതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ബെംഗളൂരുവിലെ ഉയർന്ന സുരക്ഷയുള്ള ജയിൽ ആയി അറിയപ്പെട്ടിരുന്ന പരപ്പന ആഗ്രഹാര ജയിൽ കോൺഗ്രസ് ഭരണത്തിൽ വന്നതിനുശേഷം സുരക്ഷാ വീഴ്ചകളുടെ കാര്യത്തിലാണ് ശ്രദ്ധ നേടുന്നത് എന്നാണ് കർണാടക സർക്കാരിനെതിരെ ഉയരുന്ന വിമർശനം.









Discussion about this post