ന്യൂഡൽഹി : ഡൽഹിയിൽ പുതിയ സ്പോർട് സിറ്റി നിർമ്മിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പഴയ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിച്ച് അത്യാധുനികമായ സ്പോർട് സിറ്റി നിർമ്മിക്കും എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. 961 കോടി രൂപ ചിലവിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
2030 ലെ കോമൺവെൽത്ത് ഗെയിംസിനും 2036 ലെ സമ്മർ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടത്തുന്നത്. രാജ്യത്തിന്റെ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങളെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയങ്ങൾ ആണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്പോർട് സിറ്റി പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
2030 ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദ്ദേശം ഇന്ത്യ ലണ്ടനിലെ കോമൺവെൽത്ത് ഗെയിംസ് ഇവാലുവേഷൻ കമ്മിറ്റിക്ക് മുന്നിൽ ഔദ്യോഗികമായി സമർപ്പിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിലെയും ഖത്തറിലെയും സ്പോർട് സിറ്റികൾ റഫറൻസ് ആക്കിയാണ് ഇന്ത്യ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യൻ സ്‌പോർട്‌സ് മന്ത്രാലയത്തിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം ഈ രാജ്യങ്ങളിലെ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ പഠിക്കുന്നതിനും വികസനത്തിനുള്ള നിർദ്ദേശങ്ങൾ ശേഖരിക്കുന്നതിനുമായി സന്ദർശിച്ചു.
അടുത്തിടെ നടന്ന വിജയകരമായ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പുകളിലൂടെ ഇന്ത്യയുടെ സ്‌പോർട്‌സ് ആതിഥേയത്വ കഴിവുകൾക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ചിരുന്നു.
2036 ലെ സമ്മർ ഒളിമ്പിക്‌സിനും പാരാലിമ്പിക് ഗെയിംസിനും ആതിഥേയത്വം വഹിക്കാൻ ഇന്ത്യ ഔദ്യോഗികമായി ബിഡ് ചെയ്തിട്ടുണ്ട്.









Discussion about this post