ന്യൂഡൽഹി : ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാറിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ഭീകരാക്രമണമെന്ന് സൂചന. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിൽ വച്ച് ഒരു ഹ്യുണ്ടായ് ഐ20 കാറിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തെ തുടർന്ന് 11 പേർ മരിക്കുകയും 25ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തിനായി അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന HR-26-CE 7674 എന്ന കാർ ഹരിയാനയിലെ ഗുരുഗ്രാം സ്വദേശിയായ സൽമാന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കാർപാൽ തവണ വിറ്റതായാണ് വെളിപ്പെടുത്തിയത്. ഏറ്റവും ഒടുവിലായി പുൽവാമ സ്വദേശിയായ താരിഖ് എന്നയാൾക്കാണ് ഈ കാർ വിറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. 2019 ൽ പുൽവാമയിൽ തീവ്രവാദികൾ ഒരു വാഹനത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് സ്ഫോടനം നടത്തുകയും 40 സൈനികർ വീരമൃത്യു വരിക്കുകയും ചെയ്തതിന് സമാനമായ രീതിയിലാണ് ഡൽഹിയിലെ സ്ഫോടനം.
സ്ഫോടന സ്ഥലത്ത് നിന്ന് ശേഖരിച്ച അവശിഷ്ട സാമ്പിളുകൾ പരിശോധിക്കുന്നത് തുടരുകയാണ്. അന്തിമ ഫോറൻസിക് റിപ്പോർട്ട് എത്രയും വേഗത്തിൽ ലഭ്യമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കാർ ഉടമയായ താരിഖ് പുൽവാമയിൽ നിന്ന് അറസ്റ്റിലായതായി സൂചനയുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ ഫരീദാബാദിൽ നിന്നും പിടികൂടിയ ഭീകര മൊഡ്യൂളുമായി ഡൽഹി സ്ഫോടനത്തിന് ബന്ധമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഫോടന സമയത്ത് ഫരീദാബാദ് കേസിൽ ഒളിവിലുള്ള ഡോ. ഉമർ മുഹമ്മദ് എന്ന ഭീകരൻ ഐ20 വാഹനത്തിൽ ഉണ്ടായിരുന്നിരിക്കാമെന്നും കാറിൽ മരിച്ചയാൾ യഥാർത്ഥത്തിൽ ഉമർ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ പോലീസ് ഡിഎൻഎ പരിശോധന നടത്തുമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.









Discussion about this post