ഇസ്ലാമാബാദ് കോടതിയ്ക്ക് പുറത്ത് 12 പേരുടെ മരണത്തിനിടയാക്കിയ ചാവേർ സ്‌ഫോടനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. അഫ്ഗാനിസ്ഥാൻ അതിർത്തിക്കടുത്തുള്ള വാനയിലെ കാഡറ്റ് കോളേജിന് നേരെ നടന്ന ആക്രമണത്തിന് പിന്നിലും ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാണ് പാക് മന്ത്രിയുടെ ആരോപണം.
ഡൽഹിയിലുണ്ടായ ചാവേറാക്രമണത്തിന് പിന്നിലെ കരങ്ങൾ പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയുടേതാണെന്ന സംശയം ബലപ്പെടുത്തുന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഷെരീഫിന്റെ ഈ ആരോപണങ്ങൾ. ഡൽഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ പാകിസ്താൻ രാജ്യത്ത് അതിജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. വ്യോമസേനാംഗങ്ങൾക്ക് കനത്ത മുന്നറിയിപ്പ് നൽകുകയും സൈനികരോട് സജ്ജരായിരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. മുൻപെങ്ങും കേട്ടുകേൾവിയില്ലാത്ത വിധത്തിൽ അതീവ ജാഗ്രതിയിലായ രാജ്യത്ത് റെഡ് അലർട്ടും പുറപ്പെടുവിച്ചിരുന്നു.
പാകിസ്താനെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സ്റ്റേറ്റ് സ്‌പോൺസർ ചെയ്ത ഭീകരതയുടെ തുടർച്ചയാണ് ഈ ആക്രമണങ്ങളെന്നാണ് ഷെഹബാദ് ഷെരീഫിന്റെ ആരോപണം. ഇന്ത്യൻ പിന്തുണയുള്ള തീവ്രവാദികൾ’ ഇസ്ലാമാബാദിൽ ആക്രമണം നടത്തിയപ്പോൾ, അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന അതേ ശൃംഖല വാനയിലും നിരപരാധികളായ കുട്ടികളെ ആക്രമിച്ചു.’ഇന്ത്യൻ രക്ഷാകർതൃത്വത്തിൽ അഫ്ഗാൻ മണ്ണിൽ നിന്ന് നടക്കുന്ന ഈ ആക്രമണങ്ങളെ എത്ര അപലപിച്ചാലും മതിയാകില്ലെന്നും ഷെരീഫ് പറയുന്നു.
ഇന്ന് വൈകുന്നേരത്തോടെയാണ് പാകിസ്താനിൽ കോടതി പരിസരത്ത് ഉഗ്ര സ്‌ഫോടനം ഉണ്ടായത്. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നു.









Discussion about this post