ശ്രീനഗർ : ഡൽഹി സ്ഫോടന കേസിലെ പ്രതിയായ ചാവേർ ഉമർ നബി നേരത്തെ ജമ്മുകശ്മീരിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നതായി കണ്ടെത്തൽ. ഫരീദാബാദിലേക്ക് പോകുന്നതിന് മുമ്പ്, ഡോക്ടർ ഉമർ ഉൻ നബി ജമ്മു കശ്മീരിലെ അനന്ത്നാഗിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എന്നാൽ ഇയാളുടെ അനാസ്ഥ മൂലം ഒരു രോഗി മരിച്ചതിനെ തുടർന്ന് ആശുപത്രി ഇയാളെ പുറത്താക്കുകയായിരുന്നു.
2023ലാണ് സംഭവം നടന്നിരുന്നത്. ശ്രീനഗറിൽ നിന്ന് എംബിബിഎസും എംഡി ബിരുദവും നേടിയ ശേഷം നബി അനന്ത്നാഗ് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സീനിയർ റെസിഡന്റ് (എസ്ആർ) ആയി ജോലി ചെയ്തു വന്നിരുന്ന കാലത്താണ് രോഗിയുടെ മരണം സംഭവിച്ചത്. തുടക്കം മുതൽ തന്നെ ഇയാൾക്കെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി മെഡിക്കൽ കോളേജിലെ പ്രൊഫസർ ആയിരുന്ന ഡോ. ഗുലാം ജീലാനി വ്യക്തമാക്കി. സഹ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങി രോഗികൾ പോലും ഡോ. ഉമർ നബി പരുഷമായും ശ്രദ്ധയില്ലാതെയും പെരുമാറുന്നതായി പരാതിപ്പെട്ടിരുന്നതായി പ്രൊഫസർ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി .
താമസിയാതെ തന്നെ ഉമർ നബിയുടെ അനാസ്ഥ മൂലം അനന്ത്നാഗ് ഗവൺമെന്റ് ആശുപത്രിയിൽ വച്ച് ഒരു രോഗി മരിച്ചു. നബിയുടെ മേൽനോട്ടത്തിലായിരുന്ന രോഗിയുടെ നില ഗുരുതരാവസ്ഥയിൽ ആണെന്ന് വ്യക്തമായിരുന്നിട്ടും ഇയാൾ ഈ സാഹചര്യം അവഗണിച്ച് ഹോസ്പിറ്റലിൽ നിന്നും പുറത്തു പോവുകയായിരുന്നു. ഇതിനെ തുടർന്ന് രോഗി മരിച്ചതോടെ ഈ രോഗിയുടെ കുടുംബം ഉമർ നബിക്കെതിരെ ആശുപത്രിക്ക് പരാതി നൽകിയിരുന്നു. രോഗിയുടെ കുടുംബം നബിക്കെതിരെ ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകി. തുടർന്ന് ഡോ. ജീലാനി ഉൾപ്പെടെ നാല് മുതിർന്ന ഡോക്ടർമാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച അന്വേഷണം നടത്തി ഉമർ നബി കുറ്റവാളിയെന്ന് കണ്ടെത്തിയതോടെ ജോലിയിൽ നിന്നും പുറത്താക്കുകയായിരുന്നു.









Discussion about this post