ഇസ്താംബൂൾ : തുർക്കി സൈനിക വിമാനം ജോർജിയയിൽ തകർന്നു വീണു. സി-130 എന്ന സൈനിക ചരക്ക് വിമാനമാണ് തകർന്നുവീണത്. 20 സൈനികരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. അസർബൈജാൻ അതിർത്തിക്ക് സമീപമാണ് അപകടം നടന്നത്. തകർന്നുവീണ വിമാനം വൻ സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയും മേഖലയിൽ വലിയ തീയും പുകയും ഉണ്ടാവുകയും ചെയ്തു.
അസർബൈജാനിൽ നിന്ന് തുർക്കിയിലേക്ക് പറഞ്ഞ വിമാനമാണ് ജോർജിയയിൽ തകർന്നുവീണത്. അസർബൈജാൻ അതിർത്തി കടന്ന ഉടൻതന്നെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 20 സൈനികരും കൊല്ലപ്പെട്ടതായാണ് സൂചന. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തുർക്കി പുറത്ത് വിട്ടിട്ടില്ല.
അപകടം നടന്ന മേഖലയിൽ അസർബൈജാനി, ജോർജിയൻ അധികൃതരുമായി സഹകരിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ താൻ അതീവ ദുഃഖിതനാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും എർദോഗൻ അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ചും മരണസംഖ്യയെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.









Discussion about this post