പട്ന : ബീഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ നിർണായക വിജയം നേടുമെന്നുള്ള എക്സിറ്റ് പോളുകൾ തള്ളി ആർജെഡി നേതാവ് തേജസ്വി യാദവ്. എക്‌സിറ്റ് പോളുകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് ‘എഴുതി വച്ചോളൂ, നവംബർ 14 ന് ഞാൻ മുഖ്യമന്ത്രിയാകും’ എന്ന് തേജസ്വി പ്രതികരിച്ചു. ഇത്തവണ സംസ്ഥാനത്തെ ജനങ്ങൾ മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തിട്ടുള്ളത് എന്നും ബീഹാർ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
“ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം 14-ന് പ്രഖ്യാപിക്കുമെന്നും സത്യപ്രതിജ്ഞാ ചടങ്ങ് 18-ന് നടക്കുമെന്നും ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അത് തീർച്ചയായും സംഭവിക്കും. ബിജെപിയും എൻഡിഎയും ഇപ്പോൾ വിയർക്കുകയാണ്. അവർ പരിഭ്രാന്തരും അസ്വസ്ഥരുമാണ്. ഇന്നലെ, വോട്ടെടുപ്പിനിടെ ആളുകൾ നീണ്ട ക്യൂവിൽ നിന്നു. അവർ അവിടെ നിൽക്കുമ്പോൾ ആണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നത്, അതായത് വോട്ടെടുപ്പ് കഴിയുന്നതിനു മുൻപ് തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ വന്നു. അതുകൊണ്ടുതന്നെ ആ പ്രവചനങ്ങളെ ഞങ്ങൾ തള്ളിക്കളയുന്നു. 2020-നെ അപേക്ഷിച്ച്, ഇത്തവണ 72 ലക്ഷം ആളുകൾ കൂടുതൽ വോട്ട് ചെയ്തിട്ടുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് ഫലം തീർച്ചയായും ഞങ്ങൾക്ക് അനുകൂലമായിരിക്കും” എന്ന് തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
“ബിഹാറിലെ ജനങ്ങളുടെ അനുഗ്രഹം ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മഹാസഖ്യം വ്യക്തമായ ഭൂരിപക്ഷം നേടാൻ ഒരുങ്ങുകയാണ്. നിലവിലെ സർക്കാരിനെതിരെ ജനങ്ങൾ വൻതോതിൽ വോട്ട് ചെയ്തു. ബീഹാറിൽ ഇപ്പോൾ മാറ്റം ഉറപ്പാണ്. ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തിൽ ആവേശത്തോടെ പങ്കെടുത്ത എല്ലാ സഖ്യകക്ഷികൾക്കും, പാർട്ടി പ്രവർത്തകർക്കും, വോട്ടർമാർക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു” എന്നും തേജസ്വി യാദവ് വ്യക്തമാക്കി.









Discussion about this post