ന്യൂഡൽഹി : ഡൽഹി സ്ഫോടനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. രണ്ടുദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി ഉടൻതന്നെ എൽഎൻജെപി ആശുപത്രിയിൽ എത്തി സ്ഫോടനത്തിൽ പരിക്കേറ്റവരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ച വൈകുന്നേരം 5:30 ന് പ്രധാനമന്ത്രി മന്ത്രിസഭാ സുരക്ഷാ സമിതിയുടെ (സിസിഎസ്) പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളുമായും പ്രധാന ഉദ്യോഗസ്ഥരുമായും നിരന്തരമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസികൾ കേസിലെ അവസാനത്തെ കുറ്റവാളിയെ ഉൾപ്പെടെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുന്നുണ്ട്. കേന്ദ്രസർക്കാർ ഡൽഹി പോലീസിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ എല്ലാ പ്രവേശന, എക്സിറ്റ് പോയിന്റുകളിലും പോലീസ് ഉദ്യോഗസ്ഥരും അർദ്ധസൈനിക വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്.









Discussion about this post