ന്യൂഡൽഹി : ഭൂട്ടാനിലെ ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സുരക്ഷാ അവലോകനയോഗം വിളിച്ചുചേർത്തു. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) യോഗത്തിൽ വിവിധ ഉന്നതതല ഉദ്യോഗസ്ഥർ പങ്കെടുത്തു. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഈ പ്രത്യേക സുരക്ഷാ അവലോകനയോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തലവൻ പരാഗ് ജെയിനിന് സുരക്ഷാ സെക്രട്ടറിയുടെ അധിക ചുമതല നൽകാൻ സിസിഎസ് യോഗത്തിൽ തീരുമാനമായി. മറ്റൊരു നിയമനം ഉണ്ടാകുന്നതുവരെയോ കൂടുതൽ ഉത്തരവുകൾ പുറത്തിറങ്ങുന്നത് വരെയോ പരാഗ് ജെയിൻ സുരക്ഷാ സെക്രട്ടറിയുടെ ചുമതല കൂടി നിർവഹിക്കുമെന്നാണ് സിസിഎസ് യോഗത്തിൽ തീരുമാനമായിട്ടുള്ളത് പഞ്ചാബ് കേഡറിലെ 1989 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ പരാഗ് ജെയിൻ ജൂലൈ 1നാണ് രണ്ട് വർഷത്തെ കാലാവധിയിൽ ‘റോ’യുടെ മേധാവിയായി ചുമതലയേറ്റിരുന്നത്.
ഭൂട്ടാനിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ പ്രധാനമന്ത്രി മോദി വിമാനത്താവളത്തിൽ നിന്ന് നേരിട്ട് സെൻട്രൽ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് നാരായൺ (എൽഎൻജെപി) ആശുപത്രിയിലേക്ക് ആണ് എത്തിയത്. അവിടെ അദ്ദേഹം സ്‌ഫോടനത്തിൽ പരിക്കേറ്റവരെ സന്ദർശിച്ചു. തുടർന്നാണ് വൈകിട്ട് സിസിഎസ് യോഗം വിളിച്ചിരുന്നത്.









Discussion about this post