റായ്പുർ : ഛത്തീസ്ഗഡ് മദ്യ കുംഭകോണ കേസിൽ സുപ്രധാന നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലിന്റെ 61.20 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുള്ളത്.
കണ്ടുകെട്ടിയ സ്വത്തുക്കളിൽ 364 റെസിഡൻഷ്യൽ പ്ലോട്ടുകളും കൃഷിഭൂമിയും ഉൾപ്പെടെ 59.96 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണുള്ളത്. ഇതോടൊപ്പം ബാങ്ക് ബാലൻസും സ്ഥിര നിക്ഷേപങ്ങളും ഉൾപ്പെടെ 1.24 കോടി രൂപയുടെ ജംഗമ ആസ്തികളും ഇ.ഡി കണ്ടുകെട്ടി. ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യ ബാഗേലാണ് ഛത്തീസ്ഗഡ് മദ്യ കുംഭകോണത്തിലെ മദ്യ സിൻഡിക്കേറ്റിന്റെ തലപ്പത്ത് പ്രവർത്തിച്ചിരുന്നത് എന്നാണ് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
മദ്യക്കച്ചവടത്തിൽ നിന്ന് ലഭിച്ച പി.ഒ.സി ഉപയോഗിച്ച് ചൈതന്യ ബാഗേൽ തന്റെ ഉടമസ്ഥതയിലുള്ള മെസ്സേഴ്സ് ബാഗേൽ ഡെവലപ്പേഴ്‌സിന് കീഴിൽ വിത്തൽ ഗ്രീൻ എന്ന റിയൽ എസ്റ്റേറ്റ് പ്രോജക്റ്റ് വികസിപ്പിച്ചെടുത്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. 2025 ജൂലൈ 18 ന് ചൈതന്യ ബാഗേലിനെ ഇ.ഡി അറസ്റ്റ് ചെയ്തു. നിലവിൽ അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഛത്തീസ്ഗഡ് മദ്യ കുംഭകോണ കേസിൽ മുൻ എംഎൽഎയും കുറ്റകൃത്യം നടക്കുന്ന സമയത്ത് ഛത്തീസ്ഗഢ് എക്സൈസ് മന്ത്രിയുമായിരുന്ന കവാസി ലഖ്മയേയും ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും ഉൾപ്പെടെ മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെയായി ഏകദേശം 215 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കൾ ആണ് ഇ.ഡി പിടിച്ചെടുത്തിട്ടുള്ളത്.









Discussion about this post