ചെന്നൈ : തമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബറിഞ്ഞ സംഭവത്തിൽ ശിക്ഷ വിധിച്ച് എൻഐഎ കോടതി. 10 വർഷം കഠിനതടവും 5,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ചെന്നൈയിലെ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.
2023 ഒക്ടോബർ 25 ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്ഭവന്റെ ഒന്നാം നമ്പർ ഗേറ്റിന് സമീപം പ്രതികൾ രണ്ട് പെട്രോൾ ബോംബുകൾ അറിയുകയായിരുന്നു. ഗവർണറും മറ്റ് വിശിഷ്ട വ്യക്തികളും പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന ഗേറ്റാണിത്. പ്രതി കറുക വിനോദിന് എതിരെ ശക്തമായ തെളിവുകൾ ഉള്ളതിനാൽ കുറ്റകൃത്യം സ്ഥാപിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി.
സംഭവം നടന്നയുടനെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിയായ വിനോദിനെ പിടികൂടുകയും പൊട്ടാത്ത രണ്ട് പെട്രോൾ ബോംബുകൾ കൂടി കണ്ടെടുക്കുകയും ചെയ്തിരുന്നു. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. 2024 ജനുവരിയിൽ
പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി 680 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഗവർണറുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്താനും അരാജകത്വം സൃഷ്ടിക്കാനും പ്രതി മനപ്പൂർവ്വം നടത്തിയ ശ്രമമാണെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കി.









Discussion about this post