ന്യൂഡൽഹി : ഇന്ത്യയുടെ അടുത്ത തലമുറ ദീർഘദൂര മിസൈലുകളിലൊന്നായ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈൽ (SLBM) പരീക്ഷണം ഉടൻ തന്നെ ഉണ്ടാകും എന്ന് വ്യക്തമാക്കി പ്രതിരോധ ഗവേഷണ സംഘടന. 5,000 കിലോമീറ്റർ അകലേക്ക് വരെ ആക്രമണം നടത്താൻ കഴിയുന്ന കെ-5 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ ഇപ്പോൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. പ്രോജക്റ്റ് K-5 സ്റ്റേജ്-2 റോക്കറ്റ് മോട്ടോറിന്റെ സ്റ്റാറ്റിക് പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി.
2025 സെപ്റ്റംബർ 12 ന് നാസിക്കിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ എനർജറ്റിക് മെറ്റീരിയൽസിൽ (ACEM) വച്ചാണ് ഈ പരീക്ഷണം നടന്നത്. ആഴക്കടൽ പ്രതിരോധ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത പ്രധാന പ്രൊപ്പൽഷൻ സിസ്റ്റങ്ങളുടെ പ്രകടനമാണ് വിജയകരമായി പൂർത്തിയാക്കിയത്. ഡിആർഡിഒയുടെ ‘സാഗരിക’, ‘കെ-4’ തുടങ്ങിയ മിസൈലുകൾക്ക് ശേഷം ഏറ്റവും ശക്തിയേറിയതായി കണക്കാക്കപ്പെടുന്ന ബാലിസ്റ്റിക് മിസൈൽ ആണ് കെ-5.
ശത്രുക്കൾക്കെതിരെ രഹസ്യവും മാരകവുമായ ആക്രമണങ്ങൾ നടത്താനുള്ള കഴിവാണ് കെ-5 മിസൈൽ നൽകുന്നത്. അന്തർവാഹിനിയിൽ നിന്നും വിക്ഷേപിക്കാൻ കഴിയും എന്നുള്ളതാണ് ഇതിന്റെ രഹസ്യാത്മക സ്വഭാവം. എവിടെ നിന്നുമാണ് ആക്രമണം ഉണ്ടാകുന്നത് എന്ന് ശത്രുവിന് ഊഹിക്കാൻ പോലും കഴിയാത്ത രീതിയിൽ ആക്രമണം നടത്താൻ കഴിയും എന്നുള്ളതാണ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ പ്രത്യേകത.









Discussion about this post