ബാങ്കോക്ക് : ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‌ലൻഡ്. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഫ്രീ വിസ ഉൾപ്പെടെയുള്ള നിരവധി വാഗ്ദാനങ്ങൾ തായ്‌ലൻഡ് നൽകുന്നുണ്ട്. ഇത് കൂടാതെ ഇപ്പോൾ വിനോദസഞ്ചാരികൾക്ക് സൗജന്യ ആഭ്യന്തര വിമാന സർവീസുകൾ പോലും ലഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് തായ്‌ലൻഡ് സർക്കാർ അവതരിപ്പിക്കുന്നത്.
തായ്‌ലൻഡിലെ പ്രശസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ അല്ലാതെ, വിദൂരമായതും ഉൾനാടൻ പ്രദേശങ്ങളിലുള്ളതുമായ ടൂറിസം കേന്ദ്രങ്ങളിലേക്ക് സൗജന്യ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കാനാണ് തായ്‌ലൻഡ് പദ്ധതിയിടുന്നത്. തായ്‌ലൻഡിലെ ടൂറിസം, കായിക മന്ത്രിയായ സൊറാവോങ് തിയെന്തോങ്, വിദേശ സന്ദർശകർക്ക് സൗജന്യ ആഭ്യന്തര യാത്രയ്ക്കായി 700 ദശലക്ഷം തായ് ബാത്ത് അനുവദിക്കാൻ നിർദ്ദേശിച്ചു. ഈ നടപടി രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം സഹായകമാകുമെന്നാണ് സർക്കാർ കണക്ക് കൂട്ടുന്നത്.
പ്രധാന നഗരങ്ങൾക്ക് പുറത്ത് ടൂറിസം വർദ്ധിപ്പിക്കുകയും 200,000 സന്ദർശകരെ ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തായ് എയർ ഏഷ്യ, ബാങ്കോക്ക് എയർവേയ്‌സ്, നോക്ക് എയർ, തായ് എയർവേയ്‌സ് ഇന്റർനാഷണൽ, തായ് ലയൺ എയർ, തായ് വിയറ്റ്‌ജെറ്റ് എന്നിവ ഉൾപ്പെടുന്ന രാജ്യത്തെ ആറ് എയർലൈനുകളിൽ ആയിരിക്കും ഈ സൗജന്യ യാത്ര ലഭിക്കുക. പദ്ധതിക്കായി എയർലൈനുകൾക്ക് സർക്കാർ സബ്സിഡി നൽകുന്നതാണ്.









Discussion about this post