ശ്രീനഗർ : ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ചാവേർ കാർ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിൽ വ്യാപക പരിശോധനയുമായി സുരക്ഷാസേന. കശ്മീരിലെ 250 സ്ഥലങ്ങളിൽ സുരക്ഷാസേന റെയ്ഡ് നടത്തി. പരിശോധനയിൽ 3 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 45 പേർ അറസ്റ്റിലായി.
ജമ്മു കശ്മീർ പോലീസും പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിംഗും ചേർന്നാണ് വിവിധ പ്രദേശങ്ങളിൽ ശക്തമായ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിയത്. വിവിധ ജില്ലകളിലായി 13 സ്ഥലങ്ങളിൽ പോലീസിന്റെ സിഐകെയും മറ്റ് സുരക്ഷാ ഏജൻസികളും ഒരേസമയം റെയ്ഡുകൾ നടത്തി. പിടിയിലായവരിൽ തീവ്രവാദികളുടെ സഹായികളായി പ്രവർത്തിച്ചിരുന്ന 20 പേരും ഉൾപ്പെടുന്നുണ്ടെന്ന് സുരക്ഷാസേന വ്യക്തമാക്കി.
സ്ലീപ്പർ സെല്ലുകളും ലോജിസ്റ്റിക്സ് സപ്പോർട്ട് ഇൻഫ്രാസ്ട്രക്ചറുകളും തിരിച്ചറിയുന്നതിനും നശിപ്പിക്കുന്നതിനും ഉള്ള തീവ്രവാദ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായിരുന്നു സുരക്ഷാസേന നടത്തിയ ഈ ഓപ്പറേഷൻ. വൈറ്റ് കോളർ തീവ്രവാദി ഘടകവുമായി ബന്ധപ്പെട്ട് അനന്ത്‌നാഗ്, പുൽവാമ, കുൽഗാം ജില്ലകളിൽ ബുധനാഴ്ച രാത്രി മുഴുവൻ പോലീസ് റെയ്ഡുകൾ തുടർന്നു. അറസ്റ്റിലായ സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസ വകുപ്പുകളിൽ ജോലി ചെയ്തിരുന്നവരാണ്. ഇവർ അടുത്തിടെ തുർക്കി സന്ദർശിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.









Discussion about this post