ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. രാഷ്ട്രപതിയുടെ പതിനാല് ചോദ്യങ്ങളടങ്ങിയ റഫറൻസിന് മറുപടി നൽകുകയായിരുന്നു സുപ്രീംകോടതി. ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് ഭരണഘടനയിൽ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ ജുഡീഷ്യൽ ഉത്തരവുകൾ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142ാം അനുച്ഛേദം സുപ്രീംകോടതിക്ക് നൽകിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങിയ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.
നിയമസഭ പാസാക്കിയ ബില്ല് ഗവർണർക്ക് മുന്നിൽ വന്നാൽ അനിശ്ചിത കാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയുമാണ് ഇത് പരിഹരിക്കേണ്ടതെന്നും കോടതി നിർദേശിച്ചു.
തമിഴ്‌നാട് ഗവർണർക്കെതിരെ സ്റ്റാലിൻ സർക്കാർ സമർപ്പിച്ച ഹർജിയിലായിരുന്നു കഴിഞ്ഞ ഏപ്രിലിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ചത്.
സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകൾ ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ബില്ലുകൾ നിയമം ആയാൽ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂ. ബില്ലുകൾ പരിഗണനയ്ക്ക് വരുമ്പോൾ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ല. ബില്ലുകളുടെ കാര്യത്തിൽ മന്ത്രിസഭ പറയുന്നത് പോലെ പ്രവർത്തിക്കാൻ ഗവർണർക്ക് ബാധ്യതയില്ല. ബില്ലുകളുടെ കാര്യത്തിൽ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാൽ കോടതിക്ക് ഇടപെടാം.









Discussion about this post