പോലീസ് സംഘത്തിന് നേരെ സ്റ്റീൽ ബോംബെറിഞ്ഞു വധിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം സ്ഥാനാർത്ഥി ഉൾപ്പെടെ രണ്ട് പേർക്ക് 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പയ്യന്നൂർ നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിയും ഡിവൈഎഫ്‌ഐ നേതാവുമായ വെള്ളൂർ കാറമേലിലെ വി.കെ.നിഷാദ് (35), അന്നൂരിലെ ടി.സി.വി.നന്ദകുമാർ (35) എന്നിവർക്കെതിരേയാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഇരുവരും പത്ത് വർഷം ശിക്ഷ അനുഭവിച്ചാൽ മതി. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി.
2012 ഓഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. അരിയിലെ എംഎസ്എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി.ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. ശിക്ഷാവിധി ഒന്നാം പ്രതി നിഷാദിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
പത്രിക നൽകിയ സമയത്തു വിധി വരാത്തതിനാൽ നിഷാദിനു മത്സരിക്കാൻ തടസ്സമുണ്ടാകില്ല. പക്ഷേ, ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സ്ഥാനം രാജി വയ്‌ക്കേണ്ടിവരും. വിധിയുണ്ടാകുമെന്ന ധാരണയിൽ, ഇതേ വാർഡിലെ എൽഡിഎഫ് ഡമ്മി സ്ഥാനാർഥി സിപിഎം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.ഹരീന്ദ്രൻ പ്രതിക പിൻവലിച്ചിട്ടില്ല.













Discussion about this post