ലൈംഗിക പീഡനക്കേസിൽ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ആകെ ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ നൽകിയത്.
യുവതി ജോലിചെയ്തിരുന്ന ചാനലിന്‍റെ മേധാവി രാഹുലിനെതിരെ പരാതി കൊടുക്കാൻ യുവതിയെ പ്രേരിപ്പിച്ചു എന്നതിനുള്ള തെളിവുകള്‍ പെൻഡ്രൈവില്‍ നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഗർഭഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയത് എന്ന് സ്ഥാപിക്കാനുള്ള രേഖകളും നല്‍കിയിട്ടുണ്ട്. ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭർത്താവിന് ഒപ്പമാണ് യുവതി താമസിച്ചത് എന്നതിനുള്ള തെളിവുകളും രാഹുല്‍ സമർപ്പിച്ച രേഖകളില്‍ ഉൾപ്പെടുന്നു എന്നാണ് വിവരം.
അതേസമയം വിവാഹ മോചനത്തിന് അഞ്ച് മാസത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ട് മുട്ടിയത്. 2024 ഓഗസ്റ്റ് 22നാണ് ആദ്യ വിവാഹം നടന്നത്. ഒരു മാസത്തിനുള്ളിൽ ബന്ധം ഒഴിഞ്ഞു എന്നാണ് പരാതിക്കാരി പോലീസിന് നൽകിയ മൊഴി.
അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ തിരുവനന്തപുരത്തെത്തിയെന്നാണ് വിവരം. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയത്. വഞ്ചിയൂരിലുള്ള അഭിഭാഷകന്റെ ഓഫീസിലെത്തി വക്കാലത്ത് ഒപ്പിട്ടു. രാഹുൽ നേരിട്ടെത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.












