ന്യൂഡൽഹി : 2026 ആദ്യം തന്നെ രാജ്യത്തെ സെൻസസ് നടപടികൾക്ക് തുടക്കമാകും. ജനുവരി 15 നകം ജീവനക്കാരെ നിയമിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ഉത്തരവ് നൽകിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും സെൻസസ് നടപടികൾ പൂർത്തീകരിക്കുക.
സെൻസസ് ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും നിയമിക്കണമെന്നാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുള്ളത്. ഏകദേശം 700 മുതൽ 800 വരെ ആളുകളുടെ വിവരശേഖരണം ആണ് ഒരു എന്യൂമറേറ്റർക്ക് ഉണ്ടായിരിക്കുക. ഓരോ ആറ് എന്യൂമറേറ്റർമാർക്കും ഒരു സൂപ്പർവൈസറെ വീതം നിയമിക്കും. കൂടാതെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10 ശതമാനം റിസർവ് എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും ഉണ്ടായിരിക്കണം എന്നും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.
1990 ലെ സെൻസസ് നിയമങ്ങളിലെ റൂൾ 3 പ്രകാരം, അധ്യാപകർ, ക്ലാർക്കുകൾ അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ ഏതെങ്കിലും ഉദ്യോഗസ്ഥർ എന്നിവർ ആയിരിക്കും എന്യൂമറേറ്റർമാർ. അതേസമയം സൂപ്പർവൈസർമാർ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും. ഇത് കൂടാതെ സംസ്ഥാനങ്ങൾ ഓരോ ജില്ലകളിലും ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഏതെങ്കിലും നിയുക്ത ഉദ്യോഗസ്ഥനെ ചീഫ് സെൻസസ് ഓഫീസറായും നിയമിക്കും.











Discussion about this post