പാകിസ്താനും ‘വിഭജനം’ എന്ന വാക്കും കേൾക്കുമ്പോൾ തന്നെ 1971-ലെ ഓർമ്മകൾ ഉണരും. ഇസ്ലാമിക് റിപ്പബ്ലിക് പിളർന്ന് കിഴക്കൻ പ്രവിശ്യയായ ബംഗ്ലാദേശ് രൂപീകൃതമായ കാലം. എന്നാൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്ന വിഭജനം വ്യത്യസ്തമായ ഒരു തരത്തിലുള്ളതാണ്. നിലവിലെ പാകിസ്താൻ ഭരണകൂടം പിന്തുടരുന്ന ഒരു വിഭജനമാണത്. രാജ്യത്തെ ചെറിയ പ്രവിശ്യകൾ ആക്കി തിരിക്കാൻ ഒരുങ്ങുകയാണെന്നാണ് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് മന്ത്രി അബ്ദുൾ അലീം ഖാൻ വ്യക്തമാക്കുന്നത് ഈ നീക്കം ഭരണം മെച്ചപ്പെടുത്തുകയും ജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത് എളുപ്പത്തിലാക്കുകയും ചെയ്യുമെന്നാണ് മന്ത്രിയുടെ വാദം.
എന്നാൽ, രാജ്യത്തെ പ്രവിശ്യകളെ ഇനിയും വിഭജിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.രാജ്യത്തെ ഇനിയും വിഭജിക്കുന്നതിലൂടെ അസമത്വങ്ങൾ കൂടുതൽ വഷളായേക്കാമെന്നും അവർ പറഞ്ഞു. പുതിയ പ്രവിശ്യകൾ സൃഷ്ടിക്കുന്നതിലൂടെ രാജ്യത്ത് കൂടുതൽ സാമ്പത്തിക പ്രശ്നമുണ്ടായേക്കാമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ഇത്തരത്തിൽ പ്രവിശ്യകളുടെ എണ്ണം കൂട്ടുന്നതിന് വേണ്ടിയുള്ള ചർച്ചകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരികയാണ്. 1957ൽ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ രാജ്യത്ത് അഞ്ച് പ്രവിശ്യകളുണ്ടായിരുന്നു. കിഴക്കൻ ബംഗാൾ, പടിഞ്ഞാറൻ പഞ്ചാബ്, സിന്ധ്, വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ, ബലൂചിസ്ഥാൻ എന്നിവയായിരുന്നു അത്. 1971ലെ വിമോചന യുദ്ധത്തിന് ശേഷം കിഴക്കൻ ബംഗാൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബംഗ്ലാദേശ് ആയിത്തീർന്നു. പശ്ചിമ പഞ്ചാബ് പഞ്ചാബായി. വടക്കുപടിഞ്ഞാറൻ പ്രവിശ്യ ഖൈബർ പഖ്തുൻഖ്വ എന്നും പുനർനാമകരണപ്പെട്ടു. സിന്ധും ബലൂചിസ്ഥാനും മാറ്റമില്ലാതെ തുടർന്നു.
ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും ഭരണകൂടത്തിനെതിരായ ജനവികാരവും ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിൽ നിന്നുള്ള കടുത്ത എതിർപ്പും നേരിടുന്ന സാഹചര്യത്തിലാണ് പാകിസ്താനെ ഭരണപരമായി കൂടുതൽ വിഭജിക്കാനുള്ള നീക്കം. പ്രവിശ്യകളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ആശയത്തെക്കുറിച്ചുള്ള സെമിനാറുകൾ, മാദ്ധ്യമ ചർച്ചകൾ, അഭിപ്രായപ്രകടനങ്ങൾ എന്നിവയ്ക്ക് ശേഷമാണ് അബ്ദുൾ അലീം ഖാന്റെ പ്രസ്താവനയെന്ന് പാക ദിനപത്രമായ ഡോണിലെ ഒരു റിപ്പോർട്ട് പറയുന്നു. സിന്ധ്, പഞ്ചാബ്, ബലൂചിസ്ഥാൻ, ഖൈബർ പഖ്തുൻഖ്വ എന്നിവിടങ്ങളിൽ നിന്ന് പുതിയ മൂന്ന് പ്രവിശ്യകൾ വീതം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ അയൽ രാജ്യങ്ങളിലെല്ലാം നിരവധി ചെറിയ പ്രവിശ്യകളുണ്ടെന്നും ഖാൻ പറഞ്ഞു.













Discussion about this post