ന്യൂഡൽഹി : സജ്ജനങ്ങളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് അന്താരാഷ്ട്ര ആദരം. യുനെസ്കോയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ ദീപാവലി ഉൾപ്പെടുത്തി. പട്ടികയിൽ ഉൾപ്പെടുന്ന ഇന്ത്യയിൽ നിന്നുള്ള പതിനഞ്ചാമത്തെ സാംസ്കാരിക മുദ്രയാണിത്. തീരുമാനം ഓരോ പൗരനും ആവേശം നൽകുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
ദീപാവലി നമ്മുടെ നാഗരികതയുടെ ആത്മാവാണെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള ഓരോ പൗരനും ഈ തീരുമാനത്തിൽ ആവേശഭരിതരാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. “ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആളുകൾ ആവേശഭരിതരാണ്. ഞങ്ങൾക്ക് ദീപാവലി നമ്മുടെ സംസ്കാരവുമായും ധാർമ്മികതയുമായും ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. അത് വെളിച്ചത്തെയും നീതിയെയും പ്രതീകപ്പെടുത്തുന്നു. യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ദീപാവലി ഉൾപ്പെടുത്തിയത് ഈ ഉത്സവത്തിന്റെ ആഗോള ജനപ്രീതി കൂടുതൽ വർദ്ധിപ്പിക്കും. ഭഗവാൻ ശ്രീരാമന്റെ ആദർശങ്ങൾ നമ്മെ എന്നും നയിക്കട്ടെ” എന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
അദൃശ്യ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന യുനെസ്കോയുടെ ഇന്റർനാഷണൽ ഗവൺമെന്റ് കമ്മിറ്റി യോഗം ഇത്തവണ ഇന്ത്യയിലാണ് നടക്കുന്നത്. ആദ്യമായാണ് ഇത്തരം ഒരു യോഗത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. കമ്മിറ്റിയുടെ 20-ാമത് സെഷൻ ഡിസംബർ 8 മുതൽ 13 വരെ ചെങ്കോട്ടയിൽ വെച്ചാണ് നടക്കുന്നത്.
ഇന്ത്യയിലെ 15 ഘടകങ്ങൾ യുനെസ്കോയുടെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിനിധി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ കുംഭമേള, കൊൽക്കത്തയിലെ ദുർഗ്ഗാ പൂജ, ഗുജറാത്തിലെ ഗർബ നൃത്തം, യോഗ, വേദ മന്ത്രണം എന്ന പാരമ്പര്യം, രാംലീല (രാമായണത്തിന്റെ ഒരു പരമ്പരാഗത പ്രകടനം) എന്നിവ ഉൾപ്പെടുന്നു.
യുനെസ്കോയുടെ അഭിമാനകരമായ പട്ടികയിൽ ദീപാവലി ചേർത്തതിനെ ആദരിക്കുന്നതിനായി ദില്ലി ഹാറ്റിൽ ദീപാവലിക്ക് സമാനമായ ഒരു വലിയ ആഘോഷം ഇന്ന് വൈകുന്നേരം നടക്കും. ദേശീയ തലസ്ഥാനത്തുടനീളം ഗംഭീരമായ സാംസ്കാരിക പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ ദില്ലി സർക്കാർ ആരംഭിച്ചു കഴിഞ്ഞു.












Discussion about this post