നടിയെ ആക്രമിച്ച കേസിലെ എല്ലാ പ്രതികൾക്കും കഠിന തടവ് വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ഇത് പ്രകാരം 20 വർഷം തടവും 50000 രൂപ പിഴയുമാണ് പ്രതികൾക്ക് ലഭിച്ചത്. മരണം വരെ ജീവപര്യന്തം എന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത് എങ്കിലും പ്രതികളുടെ പ്രായം പരിഗണിച്ച് കോടതി ആ ആവശ്യം പരിഗണിച്ചില്ല. പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ചാണ് ഏറ്റവും ചെറിയ ശിക്ഷ പ്രതികൾക്ക് വിധിച്ചിരിക്കുന്നത്. പ്രതികളിൽ നിന്ന് ഈടാക്കുന്ന പിഴ തുക അതിജീവിതയ്ക്ക് നൽകണം എന്ന് കോടതി വിധിച്ചു.
സുപ്രീം കോടതിയുടെ ചില മുൻ ഉത്തരവുകൾ പരിഗണിച്ചാണ് ബലാത്സംഗത്തിനുള്ള ഏറ്റവും ചെറിയ ശിക്ഷ കോടതി വിധിച്ചത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
‘അമ്മ മാത്രമേ ഉള്ളു എന്നും ശിക്ഷ വിധിക്കുമ്പോൾ ആ കാര്യം പരിഗണിക്കണം എന്നാണ് പൾസർ സുനി കോടതിയോട് ആവശ്യപ്പെട്ടത്. കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാർട്ടിൻ കോടതിയിൽ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാർട്ടിൻ ആവർത്തിച്ചു.
മൂന്നാം പ്രതി മണികണ്ഠൻ കോടതിയെ അറിയിച്ചത് മനസറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠൻ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നിൽ പറഞ്ഞത്. താൻ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂർ ജയിലിൽ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചു.










Discussion about this post