ബിജെപിയുടെ കരുത്തുറ്റ കോട്ടയാണ് ഗുജറാത്ത്. 1990 ൽ ഭരണം പിടിച്ചതിനു ശേഷം പിന്നീടിങ്ങോട്ട് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത സംസ്ഥാനം. ആ സംസ്ഥാനം ബിജെപി പിടിക്കുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്. ഒരു പക്ഷേ ഇന്നത്തെ ഭാരതത്തെ നിർണയിക്കുന്ന , നിയന്ത്രിക്കുന്ന ഘടകങ്ങൾ പോലുമുണ്ടായത് ആ ചരിത്രത്തിൽ നിന്നായിരുന്നു.
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷനിലേക്ക് 1987 ൽ നടന്ന തിരഞ്ഞെടുപ്പിന്റെ ചുമതല അന്നത്തെ ഗുജറാത്ത് സംസ്ഥാന ജനറൽ സെക്രട്ടറിക്കായിരുന്നു. പല വാർഡിലും സ്ഥാനാർത്ഥികളുണ്ടായിരുന്നില്ല ബിജെപിക്ക് വേണ്ടി നിൽക്കാൻ. അങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളിൽ പെട്ടെ പൊതുസമ്മതർക്കും പിന്നെ സംഘടന നേതാക്കൾക്കും സീറ്റ് നൽകി ശക്തമായ പ്രചാരണ പ്രവർത്തനങ്ങളുമായി പാർട്ടി മുന്നോട്ട് പോയി. സംസ്ഥാന ജനറൽ സെക്രട്ടറിക്കൊപ്പം തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ സെക്രട്ടറിമാരിൽ ഒരാളുമുണ്ടായിരുന്നു.
1987 ലെ അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് വിജയിച്ച ബിജെപിക്ക് സംസ്ഥാനത്ത് പിന്നെയങ്ങോട്ട് മുന്നേറ്റം മാത്രമായിരുന്നു. 1990 ൽ മുന്നണി സംവിധാനത്തിൽ ഭരണത്തിൽ കയറിയ പാർട്ടി ഇന്ന് തുടർച്ചയായി മുപ്പത്താറാം വർഷത്തിലേക്കാണ് ഭരണചക്രം തിരിക്കുന്നത്.. അന്ന് അഹമ്മദാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് ചുമതല നോക്കിയ അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി ഇന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് . നരേന്ദ്രമോദി. കൂടെ നിന്ന സെക്രട്ടറി അമിത് ഷായും.
ഗുജറാത്ത് പോലെയല്ല കേരളം എന്ന് അവകാശവാദങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും കേരളത്തിലും മാറ്റങ്ങളുണ്ടാകുമെന്നതിന്റെ സൂചനയാണ് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിച്ചതിലൂടെ ബിജെപി തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും. നേരത്തെ തന്നെ തിരുവനന്തപുരം ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണ്. പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ബിജെപി സ്ഥാനാർത്ഥികൾ വിജയത്തിനടുത്തെത്തിയ സന്ദർഭങ്ങൾ തിരുവനന്തപുരത്ത് ഉണ്ടായിട്ടുണ്ട്. ഒ രാജഗോപാൽ ജയത്തിന് തൊട്ടടുത്തെത്തിയ പരാജയം രുചിച്ചതിനു ശേഷമാണ് നേമത്ത് 2015 ൽ വിജയിച്ചത്. നിയമസഭയിൽ സീറ്റ് നിലനിർത്താനായില്ലെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നാല് മണ്ഡലങ്ങളിൽ പാർട്ടി ഒന്നാമതെത്തി.
ശക്തമായ പ്രവർത്തക നിരയും സ്വാധീനവും പാരമ്പര്യവുമുള്ള തിരുവനന്തപുരത്ത് കോർപ്പറേഷൻ ഭരണം നേടാനായത് ബിജെപിക്ക് കേരളത്തിൽ വിജയക്കുതിപ്പിനുള്ള ഊർജ്ജം നൽകുന്നു. ഭരണസിരാകേന്ദ്രവും തലസ്ഥാനവുമായ തിരുവനന്തപുരം കയ്യിലാകുന്നത് ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും ദേശീയ ബിജെപിയുടെ ഇടപെടലും കേന്ദ്രസർക്കാരിന്റെ പിന്തുണയും തിരുവനന്തപുരത്ത് ബിജെപിക്ക് ലഭിക്കും. കേരളം പണ്ടേ നോട്ടമിട്ടിരുന്ന നരേന്ദ്രമോദി ഈ അവസരം വിട്ടുകളയുകയുമില്ല.
2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇതിന്റെ സ്വാധീനം ഉണ്ടാവുകയും നിയമസഭ സീറ്റുകൾ തിരുവനന്തപുരത്ത് നേടാനും കഴിഞ്ഞാൽ കേരളത്തിൽ ഭരണത്തിനെത്താനുള്ള ബിജെപിയുടെ ശ്രമത്തിന് അത് ശക്തിപടരും. ഒന്നോ രണ്ടോ ടേമിനുള്ളിൽ ഭരണം പിടിക്കാൻ തന്നെയായിരിക്കും ബിജെപി ലക്യ് മിടുന്നത്. ബിജെപിക്ക് വോട്ട് നൽകാൻ മടിയുള്ളതുകൊണ്ടല്ല മറിച്ച് അവർ ജയിച്ച് തുടങ്ങാത്തത് കൊണ്ടാണ് വോട്ടുകൾ ലഭിക്കാത്തതെന്നത് വസ്തുതയാണ്. ജയിച്ച് തുടങ്ങിക്കഴിഞ്ഞാൽ കേരളവും മാറും എന്നതിൽ ബിജെപിക്ക് സംശയമൊന്നുമില്ല. ആ മാറ്റത്തിന്റെ ശക്തമായ തുടക്കമാണ് തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം.
അഹമ്മദാബാദ് ഗുജറാത്തിന്റെ താക്കോലായത് പോലെ അനന്തപുരി കേരളത്തിന്റെ താക്കോലാകുമോ ? കാത്തിരുന്ന് കാണുക തന്നെ !









Discussion about this post