ന്യൂഡൽഹി : ഷെൽ കമ്പനികൾ സൃഷ്ടിച്ച് 1,000 കോടിയിലധികം രൂപയുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ. നാല് ചൈനീസ് പൗരന്മാർ ഉൾപ്പെടെ 17 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. അന്താരാഷ്ട്ര സൈബർ തട്ടിപ്പ് ശൃംഖലയുമായി ബന്ധമുള്ള 58 കമ്പനികൾക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികൾ നൂറിലധികം ഷെൽ കമ്പനികൾ സൃഷ്ടിച്ചുവെന്നും ആയിരം കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയെന്നും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ഈ സൈബർ തട്ടിപ്പ് ശൃംഖലയെ പോലീസ് പിടികൂടിയിരുന്നത്. വ്യാജ വായ്പാ അപേക്ഷകൾ, വ്യാജ നിക്ഷേപ പദ്ധതികൾ, പോൻസി സ്കീം, മൾട്ടി-ലേയേർഡ് മാർക്കറ്റിംഗ് മോട്ടലുകൾ, വ്യാജ പാർട്ടി-ടൈം ജോലി ഓഫറുകൾ, ഓൺലൈൻ ഗെയിമിംഗ് എന്നിവയുൾപ്പെടെ വിവിധ തരം തട്ടിപ്പുകളിൽ ഏർപ്പെട്ടിരുന്ന ഒരു സംഘടിത ശൃംഖലയാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.
മ്യൂൾ അക്കൗണ്ടുകൾ വഴി ഏകദേശം 1,000 കോടി രൂപയാണ് ഈ തട്ടിപ്പ് ശൃംഖല കൈമാറ്റം ചെയ്തിരുന്നത്. 111 ഷെൽ കമ്പനികൾ വഴി വിവിധ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം നടത്തി. വ്യാജ ഡയറക്ടർമാർ, വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രേഖകൾ, വ്യാജ വിലാസങ്ങൾ, ബിസിനസ്സ് ഉദ്ദേശ്യങ്ങളുടെ തെറ്റായ പ്രസ്താവനകൾ എന്നിവ ഉപയോഗിച്ചാണ് ഷെൽ കമ്പനികൾ സൃഷ്ടിച്ചതെന്ന് സിബിഐ പറയുന്നു. ഷൗ യി, ഹുവാൻ ലിയു, വെയ്ജിയാൻ ലിയു, ഗുവാൻഹുവ എന്നീ നാല് ചൈനീസ് ഹാൻഡ്‌ലർമാർ ആണ് തട്ടിപ്പ് നടത്താൻ ഉപയോഗിച്ച ഷെൽ കമ്പനികൾക്ക് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചിരുന്നത് എന്നും സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.









Discussion about this post