കൊൽക്കത്ത : ലയണൽ മെസ്സിയുടെ ഇന്ത്യ ടൂർ സംഘാടകന് ജാമ്യമില്ല. ലയണൽ മെസ്സി ഗോട്ട് ഇന്ത്യ ടൂറിന്റെ സംഘാടകനായ സതാദ്രു ദത്തയ്ക്ക് ആണ് കോടതി ജാമ്യം നിഷേധിച്ചത്. ഡിസംബർ 13 ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് സതാദ്രു ദത്ത അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുന്നതായി കോടതി അറിയിച്ചു.
കൊൽക്കത്തയിൽ നടന്ന മെസ്സിയുടെ പരിപാടിക്ക് ശേഷം ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേയാണ് ദത്തയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഡിയത്തിൽ രാഷ്ട്രീയക്കാരും വിഐപികളും വളഞ്ഞതിനാൽ ആരാധകർക്ക് മെസ്സിയെ ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ബഹളത്തിനിടയിൽ മെസ്സിക്ക് വേദി വിട്ടുപോകേണ്ടിവന്നു. തുടർന്ന് രോഷാകുലരായ ആരാധകർ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങുകയും സ്റ്റേഡിയം നശിപ്പിക്കുകയും ചെയ്തു.
കൊൽക്കത്ത പര്യടനത്തിനുശേഷം മെസ്സി ഹൈദരാബാദിലേക്ക് പോയി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് റോഡ്രിഗോ ഡി പോൾ, ലൂയിസ് സുവാരസ് എന്നിവരോടൊപ്പം മെസ്സി രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സന്ദർശിച്ചു. ഹൈദരാബാദിൽ നിന്നും മെസ്സി മുംബൈയിലേക്ക് പോകും. അവിടെ അദ്ദേഹം ഒരു സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിലും ഒരു ഫാഷൻ ചാരിറ്റി ഷോയിലും പങ്കെടുക്കും.









Discussion about this post