ശ്രീനഗർ : പാകിസ്താൻ അതിർത്തി കടന്ന് ഭീകര പരിശീലനം നേടിയ 40 കശ്മീർ നിവാസികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. അവന്തിപോര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഐഎംസിഒ കേസിൽ ആണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എല്ലാ പ്രതികൾക്കെതിരെയും രാജ്യദ്രോഹം, കശ്മീരിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
എഗ്രസ് ആൻഡ് ഇന്റേണൽ മൂവ്മെന്റ് കൺട്രോൾ ഓർഡിനൻസ് (EIMCO) പ്രകാരമാണ് ജമ്മു കശ്മീർ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. കശ്മീരിൽ താമസിച്ചുകൊണ്ട് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും അനധികൃത ആയുധ പരിശീലനത്തിനായി പാകിസ്താനിലേക്ക് യാത്ര ചെയ്തതിനുമാണ് 40 പേർക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.
നിലവിൽ ഈ 40 പ്രതികളും അതിർത്തിക്ക് അപ്പുറമാണ് താമസിക്കുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അനധികൃത ആയുധ പരിശീലനത്തിനായി പ്രതികൾ പാകിസ്താനിലേക്ക് അതിർത്തി കടന്നതായും പിന്നീട് തിരിച്ചെത്തിയില്ലെന്നും പോലീസ് കുറ്റപത്രത്തിൽ പറയുന്നു. ജമ്മു കശ്മീരിലെ ജനങ്ങളുടെ അതിർത്തി വഴിയുള്ള പ്രവേശനവും പുറത്തുകടക്കലും നിയന്ത്രിക്കുന്നതിനും, അസ്വസ്ഥമായ പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായി കൊണ്ടുവന്നിട്ടുള്ള നിയമമാണ് EIMCO.









Discussion about this post