ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണക്കേസിൽ എൻഐഎ ഇന്ന് കുറ്റപത്രം സമർപ്പിക്കും. ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ആണ് ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 22 നായിരുന്നു പാകിസ്താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദികൾ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ള 26 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ഭീകരാക്രമണം നടന്നത്.
ഭീകരാക്രമണത്തിൽ മൂന്ന് പാകിസ്താൻ തീവ്രവാദികളുടെ നേരിട്ടുള്ള പങ്കാളിത്തം എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജൂലൈയിൽ സൈന്യം ഈ മൂന്ന് പാകിസ്താൻ ഭീകരരെയും വെടിവെച്ചു കൊലപ്പെടുത്തി. ജൂലൈ 28 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്ത് ഓപ്പറേഷൻ മഹാദേവ് എന്ന് വിളിക്കപ്പെടുന്ന ഒരു ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്.
ഭീകരർക്ക് അഭയം നൽകിയ മറ്റ് രണ്ട് പേരെ ജൂണിൽ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ, ആക്രമണം നടത്തിയവർ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള പാകിസ്താൻ പൗരന്മാരാണെന്ന് വ്യക്തമായി. തുടർന്നുള്ള അന്വേഷണങ്ങൾക്ക് ശേഷമാണ് ജൂലൈ 28 ന് ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തുള്ള വനമേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഭീകരർക്കെതിരായി ഇന്ത്യൻ സൈന്യം ‘ഓപ്പറേഷൻ മഹാദേവ്’ ആരംഭിച്ചത്.









Discussion about this post