ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഇന്ന് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു. ഞായറാഴ്ച രാംലീല മൈതാനിയിൽ നടന്ന കോൺഗ്രസിന്റെ വോട്ട് ചോരി പ്രതിഷേധ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊലവിളി മുദ്രാവാക്യം ഉയർത്തിയതിനെ കിരൺ റിജിജു ലോക്സഭയിൽ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് എതിരെ കൊലവിളി ഉയർത്തിയത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കിരൺ റിജിജു സഭയിൽ വ്യക്തമാക്കി.
അല്പമെങ്കിലും മര്യാദ ഉണ്ടെങ്കിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും മാപ്പ് പറയണമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി സൂചിപ്പിച്ചു. “നമ്മള്‍ ശത്രുക്കളല്ല, വെറും എതിരാളികളാണ്. 2014-ല്‍ ഒരു ബിജെപി എംപി പ്രതിപക്ഷത്തിനെതിരെ ആക്ഷേപകരമായ ഒരു പരാമര്‍ശം നടത്തി. ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായതിനാലും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലും പ്രധാനമന്ത്രി ഉടന്‍ തന്നെ അദ്ദേഹത്തോട് ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രി മോദിക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു, അദ്ദേഹത്തിന്റെ ശവമടക്ക് നടത്താനായിരുന്നു ആളുകളോട് ആവശ്യപ്പെട്ടത്. ഇത് അങ്ങേയറ്റം ലജ്ജാകരവും നിരാശാജനകവുമാണ്,” എന്ന് കിരൺ റിജിജു ലോക്സഭയിൽ പറഞ്ഞു.
കിരൺ റിജിജുവിന്റെ പരാമർശത്തിന്റെ പിന്നാലെ ലോകസഭയിൽ പ്രതിപക്ഷം കനത്ത ബഹളം സൃഷ്ടിച്ചു. ഇതോടെ സ്പീക്കർ ഓം ബിർള സഭ നിർത്തിവയ്ക്കാൻ തീരുമാനിച്ചു. രാജ്യസഭയിലും ഇന്ന് ഈ വിഷയം ചർച്ചയായി. കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ രാജ്യസഭയിൽ ആവശ്യപ്പെട്ടു.









Discussion about this post